ദോഹ: മൊബൈല്‍ ഫോണ്‍ മുതല്‍ പേഴ്‌സ് വരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായാല്‍ ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തേണ്ടതില്ല. ബഹുതല സേവനങ്ങള്‍ നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടില്‍ അതിനും സൗകര്യമുണ്ട്. സുരക്ഷാ വിഭാഗം ഓഫിസുകളിലോ പൊലീസ് സ്റ്റേഷനിലോ ഓടിയെത്തി നഷ്ടപ്പെട്ടവയെക്കുറിച്ച് പരാതി നല്‍കുന്നതിനു പകരം മെട്രാഷിലെ ജനറല്‍ സര്‍വിസ് വിന്‍ഡോയില്‍ ‘റിപ്പോര്‍ട്ട് ലോസ്റ്റ് ഒബ്ജക്ട്‌സ്’ വഴി അധികൃതര്‍ക്ക് പരാതി നല്‍കാവുന്നതാണ്.
റെസിഡന്റ് ഐ.ഡി, ചെക്ക്, മൊബൈല്‍ ഫോണ്‍, പഴ്‌സ്, പണം എന്നിവ തെരഞ്ഞെടുക്കാന്‍ ഇതുവഴി സൗകര്യമുണ്ട്. നഷ്ടമായ വസ്തു ഏതെന്ന് ടിക്ക് ചെയ്ത് തെരഞ്ഞെടുത്തശേഷം ആവശ്യമായ വിശദാംശങ്ങള്‍ ഇതോടൊപ്പം തന്നെ ചേര്‍ക്കാം. സ്വദേശികളും താമസക്കാരും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് മെട്രാഷിലെ പുതിയ ഓപ്ഷന്‍.