പൂനെ: കഴിഞ്ഞ ദിവസത്തെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് 12 വര്‍ഷത്തിനുശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ പരിശീലക സ്ഥാനത്ത് നിലപാട് കടുപ്പിച്ച് ഗൗതം ഗംഭീര്‍. ഇനി മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ടീം അംഗങ്ങൾക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ച ടീം മാനേജ്മെന്‍റ്, രോഹിത്തും കോലിയും അടക്കമുള്ള താരങ്ങളെല്ലാം നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചു.
ഈ മാസം 30നും 31നും മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ എല്ലാ താരങ്ങളും പങ്കെടുക്കണമെന്നും, അതിൽ സീനിയര്‍ താരങ്ങളാണെന്നത് കണക്കിലെടുത്ത് ആര്‍ക്കും മാറിനില്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലാണ് മൂന്നാം ടെസ്റ്റ് എന്നതിനാല്‍ രോഹിത്തും കോലിയും കുടുംബത്തോടൊപ്പം തുടര്‍ന്ന് പരിശീലന സെഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് കോച്ച് ഗൗതം ഗംഭീര്‍ തന്നെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
Also Read: ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ പ്രകടനം: ആകാശ് ചോപ്ര
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെയും കോലിയുടെയും മോശം ബാറ്റിംഗിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് ടീം മാനേജ്മെന്‍റ് നിലപാട് ഇത്തരത്തിൽ കടുപ്പിക്കുന്നത്. ഇനിമുതല്‍ ടീമിന്‍റെ പരിശീലന സെഷനുകളില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ രണ്ടാം ടെസ്റ്റിനുശേഷം കോലിയും രോഹിത്തും മുംബൈയിലെ സ്വന്തം വീടുകളിലേക്ക് പോയിരുന്നു.