തിരുവനന്തപുരം: ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരള ഘടകം ആനി രാജയെ നിര്‍ദേശിച്ചതിനോട് പ്രതികരണവുമായി സിപിഐ നേതാവ് പ്രകാശ് ബാബു. ആനി രാജയ്ക്ക് ലഭിച്ചത് അര്‍ഹതപ്പെട്ട സ്ഥാനമാണെന്നും തീരുമാനത്തില്‍ സന്തോഷം മാത്രമൊള്ളുവെന്നും പ്രകാശ് ബാബു പറഞ്ഞു.
‘ഇന്നലെ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് ഐക്യകണ്‌ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോള്‍ ആനിരാജയെ എടുത്തു. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു’ പ്രകാശ് ബാബു പറഞ്ഞു.
ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.
കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെയാണ് ആ ഒഴിവിലേക്ക് ദേശീയ തലത്തില്‍ നിന്ന് ആനി രാജയെ ഉള്‍പ്പെടുത്തിയത്.