സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാം നടി ഭാമ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിൻറെ പ്രതികരണം. പോസ്റ്റ് വന്നതിനു പിന്നാലെ രൂക്ഷസൈബർ ആക്രമണമാണ് ഭാമ നേരിട്ടത്. നിരവധിയാളുകളാണ് താരത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ കുറിപ്പിനെതിരെയും കുറിപ്പിൽ ഉദ്ദേശിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തത വരുത്തി താരം രംഗത്തെത്തി
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ കുറിപ്പിലൂടെയാണ് ഭാമയുടെ വിശദീകരണം. താൻ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആളുകൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചത്. പറഞ്ഞതിലെ വസ്തുത മനസിലാക്കാൻ ആരും ശ്രമിക്കാതെയാണ് തന്നെ വിമർശിക്കുന്നതെന്ന് ഭാമ പറഞ്ഞു. വിവാഹം കഴിക്കുന്നതിനല്ല, സ്ത്രീധനം കൊടുത്ത് സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താൻ ഉദ്ദേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ സ്ത്രീധനം ഉപയോഗിച്ചു കല്യാണം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് എഴുതിയത്. വിവാഹത്തിനു ശേഷവും പണം ആവശ്യപ്പെട്ട് സ്ത്രീകൾക്ക് കൊടുക്കുന്ന സമ്മർദവും അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ കഴിയേണ്ടിവരിക, കുഞ്ഞുങ്ങൾ കൂടെ ഉണ്ടെങ്കിൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും എന്നൊക്കെയാണ് താൻ പറയാൻ ശ്രമിച്ചതെന്നാണ് താരത്തിൻറെ വിശദീകരണം. എഴുതിയതിൻറെ ആശയം മനസിലാകുമെന്ന് കരുതുന്നു എന്നും താരം പുതിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.