കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ അതിക്രമം നടത്തുന്ന ഒരാളും സര്‍വ്വീസില്‍വേണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരക്കാരെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി, വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
ബീച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്ചയാണ് ആശുപത്രി അധികൃതര്‍ക്ക് പരാതി കിട്ടിയത്. ഫിസിയോതെറാപ്പിസ്റ്റായ ഒരാള്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ദുരുദ്ദേശപരമായി തൊട്ടുവെന്നും അത്രിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയിലെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റി പരാതി പരിശോധിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു’, വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഒരുമാസമായി ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തുന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ് പെണ്‍കുട്ടി എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാല്‍ മറ്റൊരു ഫിസിയോതെറാപ്പിസ്റ്റാണ് ചികിത്സ നല്‍കാനെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പറയുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.