കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരിച്ച് ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. വിധിയില്‍ സന്തോഷമെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടില്‍ ആരുടേയും പേര് വിവരങ്ങള്‍ ഉണ്ടാകില്ല. അപ്പോള്‍ ഇത് പുറത്തുവന്നാല്‍ എന്താണ് പ്രശ്നം എന്നാണ് മനസ്സിലാകാത്തതെന്ന് ഭാഗ്യ ലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
‘എന്തിനാണ് ഇത് പുറത്തുവിടേണ്ട എന്നാവശ്യപ്പെട്ട് സ്റ്റേ കൊടുത്തതെന്ന് മനസിലാകുന്നില്ല. കാരണം എല്ലാവര്‍ക്കും ഉറപ്പാണ്. ഇതിലാരുടേയും പേര് വിവരങ്ങള്‍ ഉണ്ടാകില്ല. അപ്പോള്‍ ഇത് പുറത്തുവന്നാല്‍ എന്താണ് പ്രശ്നം എന്നാണ് മനസ്സിലാകാത്തത്. അങ്ങനെ ഒരു സംഭവമേ നടക്കാന്‍ പാടില്ലായെങ്കില്‍ അന്ന് തന്നെ അവര്‍ പറയണമായിരുന്നു സര്‍ക്കാരിനോട് ഹേമ കമ്മീഷന്‍ വേണ്ടായിരുന്നുെവെന്ന്.
പൂര്‍ണ്ണമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വരില്ലായെന്നത് ഉറപ്പാണ്. അങ്ങനെ വരാന്‍ പറ്റില്ല. അതില്‍ പലതരത്തിലുള്ള നിയമതടസ്സങ്ങള്‍ ഉള്ളതുകൊണ്ടാണ് പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്തുവരില്ലായെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് കമ്മിറ്റി കണ്ടെത്തിയ ഫൈന്‍ഡിങ്സ് അതിന്റെ റിപ്പോര്‍ട്ടായിരിക്കും കൃത്യമായി പുറത്തുവരുന്നത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി നല്‍കിയ നിര്‍മ്മാതാവ് സജിമോന്‍ ആരുടെ ഏജന്റാണെന്നും സര്‍ക്കാര്‍ നിയോഗിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ഇത് വളരെ ദുരൂഹമാണെന്നും കെ കെ രമ എംഎല്‍എ ആരോപിച്ചു. ഇതിനകത്ത് എന്താണ് സര്‍ക്കാരിന് ഒളിക്കാനുള്ളത്. സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ നോക്കുന്നതെന്നും കെ കെ രമ ചോദിച്ചു.