തിരുവനന്തപുരം: താൻ ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും, സസ്പെൻഷൻ ഉത്തരവ് ലഭിച്ച ശേഷം കൂടുതൽ പ്രതികരണങ്ങളറിയിക്കുമെന്നും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. മേലുദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങളിൽ പരസ്യമായി വിമർശനങ്ങളുന്നയിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പ്രശാന്ത്. ജീവിതത്തിൽ നേരിട്ട ആദ്യ സസ്പെൻഷനാണിതെന്നും പ്രശാന്ത് പറഞ്ഞു.
Also Read: നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്നും പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. . പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിനെതിരെയാണ് പ്രശാന്ത് ജയതിലകിന് മറപടിയുമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മറുഭാഗം കേള്‍ക്കുക എന്നതുപോലും ചെയ്തിട്ടില്ല. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചില്ലെന്നും എന്‍ പ്രശാന്ത് പറഞ്ഞിരുന്നു.