CMDRF

ബിഹാറിലെ സംവരണം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേയില്ല; അപ്പീലില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം കേള്‍ക്കും

ബിഹാറിലെ സംവരണം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേയില്ല; അപ്പീലില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം കേള്‍ക്കും
ബിഹാറിലെ സംവരണം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേയില്ല; അപ്പീലില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം കേള്‍ക്കും

ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 65 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ പറ്റ്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കാന്‍ മാറ്റി. സെപ്റ്റംബറില്‍ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പറ്റ്‌ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ബിഹാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍ സുപ്രീം കോടതി ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സുപ്രീം കോടതി ഇതിന് വിസമ്മതിച്ചു. ഈ ഘട്ടത്തില്‍ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

50 ശതമാനമായിരുന്ന സംവരണം 65 ശതമാനമാക്കിയാണ് ബിഹാര്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ജൂണ്‍ മാസം 20 നാണ് പറ്റ്ന ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് ഹരീഷ് കുമാറും ഉള്‍പ്പെട്ട പറ്റ്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിയമം റദ്ദാക്കിയത്.

023 നവംബറിലാണ് സംവരണം 65 ശതമാനമാക്കിയുള്ള ഉത്തരവ് ബിഹാര്‍ നിയമസഭ പാസ്സാക്കിയത്. 2023 ല്‍ നടത്തിയ ജാതി സര്‍വെയുടെ അടിസ്ഥാനത്തിലാണ് ബിഹാര്‍ സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കിയത്. ഏറ്റവും പിന്നാക്ക വിഭാഗത്തിനുള്ള സംവരണം 18 ല്‍നിന്നും 25 ശതമാനമാക്കിയും പിന്നാക്ക വിഭാഗ സംവരണം 12 ല്‍നിന്ന് 18 ശതമാനമാക്കിയുമാണ് ഉയര്‍ത്തിയത്. പട്ടികജാതി സംവരണം 16 ശതമാനമായിരുന്നത് 20 ശതമാനമാക്കി ഉയര്‍ത്തി. പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം ഒരു ശതമാനത്തില്‍നിന്ന് രണ്ട് ശതമാനമാക്കിയുമാണ് വര്‍ധിപ്പിച്ചത്. ഇതോടൊപ്പം 10 ശതമാനം സാമ്പത്തിക സംവരണം ഉള്‍പ്പെടുന്നതോടെ സംസ്ഥാനത്തെ ആകെ സംവരണം 75 ശതമാനമായി ഉയര്‍ന്നു.

തുല്യതയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ക്കെതിരാണ് നിയമമെന്നായിരുന്നു പറ്റ്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ആകെ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന നിബന്ധന മറികടക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് പറഞ്ഞാണ് പറ്റ്ന ഹൈക്കോടതി സംവരണം ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കിയത്. ഇന്ദിരാ സാഹ്നി കേസിലാണ് സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ‘ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യത്തെകുറിച്ച് സമഗ്ര പരിശോധന നടത്തിയില്ലെന്നും പറ്റ്ന ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പാണ് ജാതി സെന്‍സസ് വലിയ രാഷ്ട്രീയ വിഷയമായി മാറിയത്. ജാതി സെന്‍സസ് നടത്തണമെന്നായിരുന്നു ഇന്ത്യ മുന്നണിയുടെ ആവശ്യം. നിതീഷ് കുമാര്‍ പ്രതിപക്ഷത്തോടൊപ്പമായിരുന്നപ്പോഴാണ് ബീഹാറില്‍ ജാതി സെന്‍സസ് നടത്തിയത്.

Top