ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ഇടക്കാല സര്‍ക്കാരിൽ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
നേരത്തേ യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താഏജന്‍സിയായ എ.എഫ്.പി. നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചിരുന്നു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്.
ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്.
2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.