ഇനി ആരും സെല്‍ഫിഷെന്ന് വിളിക്കില്ല; യൂറോയില്‍ ആ നേട്ടം ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

ഇനി ആരും സെല്‍ഫിഷെന്ന് വിളിക്കില്ല; യൂറോയില്‍ ആ നേട്ടം ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

കഴിഞ്ഞ ലോകകപ്പ് തുടങ്ങി പോര്‍ച്ചുഗല്‍ ടീമില്‍, പുറമേ ദൃശ്യമാകുന്ന തരത്തില്‍ ആഭ്യന്തര പിണക്കങ്ങളുണ്ട്. അതില്‍ റൊണാള്‍ഡോ ഒരു കേന്ദ്രമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ് അതിലൊരു കണ്ണിയുമാണ്. ബാഴസലോണയുടെ ജാവോ കാന്‍സലോയും റൊണാള്‍ഡോ വിരുദ്ധപക്ഷത്താണെന്ന തരത്തിൽ സൂചനകള്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം അണിനിരന്ന പോര്‍ച്ചുഗല്‍ ടീം അഭിമാനമാണെന്ന് പറഞ്ഞിരിക്കുകയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

”ഈ ടീമില്‍ എനിക്ക് അഭിമാനം… ഞങ്ങള്‍ പോര്‍ച്ചുഗലാണ്” തുര്‍ക്കിക്കെതിരായ മത്സര ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അപ്രതീക്ഷിത പ്രതികരണം. കളിക്കളത്തിലും പുറത്തും അയാളെ കൊത്തിവലിക്കാന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു തുര്‍ക്കിക്കെതിരായ മത്സരം.

ഡോര്‍ട്ട്മുണ്ട് സ്റ്റേഡിയത്തില്‍ 55ാം മിനുറ്റില്‍ മത്സരം സീല്‍ ചെയ്യാന്‍ പോര്‍ച്ചുഗലിന് ലഭിച്ച സുവര്‍ണാവസരം, ഗോളിമാത്രം മുന്നില്‍ നില്‍ക്കെ പോസ്റ്റിലേക്ക് നിറയൊഴിച്ച് ആറാം യൂറോയിലും ഗോള്‍ നേടാമായിരുന്നിട്ടും മറുവശത്തുണ്ടായിരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന് തളികയിലെന്നപോലെ പന്ത് നീട്ടിനല്‍കി. വലയിലേക്ക് തട്ടിയിടേണ്ട ദൗത്യം മാത്രമേ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനുണ്ടായിരുന്നുള്ളൂ. സെല്‍ഫിഷ് എന്ന് വിളിച്ചവരെ മാറ്റിപറയിപ്പിക്കുന്ന പ്രകടനം. ലോകത്തെ ഫുട്ബോള്‍ അക്കാദമികളില്‍ ക്രിസ്റ്റ്യാനോ നല്‍കിയ ആ അസിസ്റ്റ് കാണിക്കണമെന്നാണ് പോര്‍ച്ചുഗല്‍ കോച്ച് മാര്‍ട്ടിനസ് മത്സരശേഷം പ്രതികരിച്ചത്.

ബ്രൂണോക്കുള്ള അസിസ്റ്റ് നല്‍കിയതിലൂടെ മറ്റൊരു നേട്ടത്തിലേക്കും റോണോ നടന്നു കയറി. ഏഴ് അസിസ്റ്റുമായി യൂറോയില്‍ കൂടുതല്‍ അസിസ്റ്റ് നല്‍കുന്നവരുടെ പട്ടികയിലും ഒന്നാമതെത്തി. യൂറോ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടവും ഈ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്.

ബ്രൂണോയും റോണോയും തമ്മിലൊരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റിഡില്‍ ഒരുമിച്ച് കളിച്ചവര്‍. ഒടുവില്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ വിമര്‍ശിച്ച് താരം പുറത്തേക്കുള്ള വഴിതേടി. ഇതോടെ രണ്ട് പോര്‍ച്ചുഗീസ് താരങ്ങളും തമ്മിലുള്ള ബന്ധത്തിനുള്ള വിള്ളല്‍ വീണു. ടെന്‍ഹാഗിന്റെ നിലപാടിനൊപ്പമായിരുന്നു ബ്രൂണോ. പിന്നീട് ഇരുവരും മുഖാമുഖം വരുന്നത് ഖത്തര്‍ ലോകകപ്പില്‍. ഡ്രസിങ് റൂമില്‍വെച്ച് പരസ്പരം കണ്ടെങ്കിലും ഹസ്തദാനം പോലും നല്‍കാതെയുള്ള തിരിഞ്ഞുനടത്തം അന്നുവലിയ ചര്‍ച്ചയുമായി. താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രകടനത്തേയും ബാധിച്ചു. അന്നത്തെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാഞ്ചസിന്റെ ആദ്യ ഇലവനില്‍ ഇടം കിട്ടാതെ റോണോ പലപ്പോഴും ബെഞ്ചില്‍. ഒടുവില്‍ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് രണ്ട് ഗോളിന് തോല്‍വി വഴങ്ങി പറങ്കിപടയും റോണോയും തലതാഴ്ത്തി അറേബ്യന്‍ മണ്ണില്‍നിന്നും ലിസ്ബണിലേക്ക് മടങ്ങി.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം യൂറോയ്ക്കായി ജര്‍മനിയിലെത്തുമ്പോഴും കാര്യങ്ങള്‍ പഴയപടി തന്നെ. സാഞ്ചസിന് പകരം പരിശീലക സ്ഥാനത്ത് റോബര്‍ട്ടോ മാര്‍ട്ടിനസ് എത്തിയതാണ് മാറ്റം. ചെക്ക് റിപ്പബ്ലികിനെതിരെ ആദ്യ മത്സരത്തില്‍ ജയം പിടിച്ചെങ്കിലും താരങ്ങള്‍ തമ്മിലുള്ള കോഡിനേഷന്‍ മത്സരത്തിലുടനീളം നിഴലിച്ചു. പന്തു കിട്ടാതെ മൈതാനത്ത് ഏകനായി നില്‍ക്കുന്ന റോണോ. കളിക്കുശേഷം റോണോക്ക് കൈകൊടുക്കാത മനഃപൂര്‍വം ഒഴിഞ്ഞുമാറിപോകുന്ന ജാവോ കാന്‍സലോയുടെ വീഡിയോയും പ്രചരിച്ചു. തുര്‍ക്കിക്കെതിരെയും റോണോക്ക് പന്തു നല്‍കാന്‍ സഹതാരങ്ങള്‍ തയാറായില്ല. അവിടെയാണ് ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ സഹതാരങ്ങള്‍ക്ക് പകര്‍ന്നുനല്‍കി രണ്ടാം പകുതിയില്‍ റോണോയുടെ ആ മനോഹര അസിസ്റ്റ്.

നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു.

Top