കൊച്ചി: ഗൂഗിളിന് കനത്ത വെല്ലുവിളി ഉയര്‍ത്തി പുതുതലമുറ കമ്പനിയായ ചാറ്റ് ജി.പി.ടി.യുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ. പുതിയ സേര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുന്നതിനിടെ നിര്‍മിത ബുദ്ധിയുടെ (എ.ഐ.) അടിസ്ഥാനത്തിലുള്ള സേര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്. സുഭാഷ് ശശിധര കുറുപ്പ്, ദിലീപ് ജേക്കബ്, വിന്‍സി മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘നോഫ്രില്‍സ് എ.ഐ.’ (nofrills.ai) എന്ന സ്റ്റാര്‍ട്ടപ്പാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ എ.ഐ. സേര്‍ച്ച് എന്‍ജിന് രൂപം നല്‍കിയിരിക്കുന്നത്.
മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്ന സേര്‍ച്ച് എന്‍ജിൻ തത്സമയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം.) സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുക. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷും പിന്തുണയ്ക്കുന്നുണ്ട്.
ഗിളിന് കനത്ത വെല്ലുവിളി ഉയര്‍ത്തി പുതുതലമുറ കമ്പനിയായ ചാറ്റ് ജി.പി.ടി.യുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ. പുതിയ സേര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുന്നതിനിടെയാണ് മലയാളി സംരംഭമായ നോഫ്രില്‍സിന്റെ വരവ്. ഒരു സേര്‍ച്ച് എന്‍ജിന്‍ എന്നതിനപ്പുറം പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് താഴെത്തട്ടില്‍ വരെ വിജ്ഞാനശേഖരം എളുപ്പമാക്കുകയാണ് നോ ഫ്രില്‍സ് എ.ഐ. എന്ന് കമ്പനിയുടെ കോ ഫൗണ്ടറും സി.ഇ.ഒ.യുമായ സുഭാഷ് വ്യക്തമാക്കി.
എ.ഐ. പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് സ്റ്റോര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ‘വാട്ട് എ സെയിലി’ന്റെ സ്ഥാപകരാണ് സുഭാഷും സംഘവും. വാട്ട് എ സെയിലിനെ 2020-ല്‍ ആമസോണ്‍ സ്വന്തമാക്കിയിരുന്നു.