ദുബൈ: എണ്ണേതര വിദേശ വ്യാപാരത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വ്യാപാരം എത്തിനിൽക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘എക്സ്’ അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ആറുമാസം 1.395 ലക്ഷംകോടി ദിർഹത്തിൻറെ വ്യാപാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു വർഷം മുഴുവൻ രേഖപ്പെടുത്തിയ കയറ്റുമതിക്ക് തുല്യമാണ് വെറും ആറ് മാസത്തിനുള്ളിലെ യു.എ.ഇയുടെ ഈ വർഷത്തെ കയറ്റുമതിയെന്നും ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി. 2031ഓടെ നാലു ലക്ഷം കോടി ദിർഹം വിദേശ വ്യാപാരം ലക്ഷ്യമിട്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നാം ദേശീയ സാമ്പത്തിക ലക്ഷ്യം രൂപപ്പെടുത്തിയിരുന്നു.
Also Read:റബറിന് ഡിമാൻഡ് തുടരുന്നു; ഏലം വിളവെടുപ്പ് നീളും
അക്കാലത്ത് അത് വളരെ വെല്ലുവിളി നിറഞ്ഞതായാണ് വിലയിരുത്തിയത്. എന്നാലിന്ന് ആറു മാസത്തിൽ എണ്ണേതര കയറ്റുമതിയിൽ 25ശതമാനം വളർച്ചയോടെ, വിദേശവ്യാപാരം 1.4ലക്ഷം കോടി ദിർഹത്തിന് അടുത്തെത്തിയിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ എണ്ണേതര വ്യാപാരം മൂന്നു ലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം -അദ്ദേഹം വെളിപ്പെടുത്തി.
യു.എ.ഇ യുടെ വ്യാപാരബന്ധം
ലോകത്തെ വിവിധ രാജ്യങ്ങളുമായി യു.എ.ഇ പുലർത്തുന്ന വ്യാപാരബന്ധം സംബന്ധിച്ചും ശൈഖ് മുഹമ്മദ് പോസ്റ്റിൽ പറഞ്ഞു. നിരവധി രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെട്ടു. ഇന്ത്യയുമായി 10 ശതമാനം, തുർക്കിയയുമായി 15 ശതമാനം, ഇറാഖുമായി 41ശതമാനം എന്നിങ്ങനെയാണ് വർധനവുണ്ടായത്. ഇറാഖാണ് യു.എ.ഇയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന രാജ്യം. വിദേശ വ്യാപാരത്തിൻറെ ആഗോള വളർച്ചനിരക്ക് ഏകദേശം 1.5 ശതമാനമാണെങ്കിലും, യു.എ.ഇയുടെ വിദേശ വ്യാപാരം പ്രതിവർഷം 11.2 ശതമാനം വർധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ബന്ധം വളർത്തിയെടുക്കുന്നതിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറെ സഹായവും പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിന് ടീമുകളുടെ അശ്രാന്ത പരിശ്രമവും നേട്ടങ്ങൾക്ക് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.