അതിർത്തിയിൽ സ്ഫോടനം; ദക്ഷിണ-ഉത്തര കൊറിയൻ മേഖലയിൽ സംഘർഷം പുകയുന്നു

സ്ഫോടനങ്ങൾ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നാണു വിവരം

അതിർത്തിയിൽ സ്ഫോടനം; ദക്ഷിണ-ഉത്തര കൊറിയൻ മേഖലയിൽ സംഘർഷം പുകയുന്നു
അതിർത്തിയിൽ സ്ഫോടനം; ദക്ഷിണ-ഉത്തര കൊറിയൻ മേഖലയിൽ സംഘർഷം പുകയുന്നു

സിയോൾ: അതിർത്തിയിലെ ഇന്‍റർ-കൊറിയൻ റോഡുകളുടെയും റെയിൽവേ ലൈനുകളുടെയും ഭാഗങ്ങൾ ഉത്തര കൊറിയ തകർത്തതായി ദക്ഷിണ കൊറിയ. റോഡുകളുടെ വടക്കൻ- തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽ പാതകൾ പൊട്ടിത്തെറിച്ചതായി ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, സ്ഫോടനങ്ങൾ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നാണു വിവരം.

ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് മുന്നറിയിപ്പ് വെടിയുതിർക്കുകയും ചെയ്തു. കൊറിയൻ റോഡുകളും റെയിൽവേയും പൂർണമായും വിച്ഛേദിക്കുമെന്നും അതിർത്തി പ്രദേശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു, പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. വടക്കൻ അതിർത്തിയിൽ കുഴിബോംബുകളും സ്ഥാപിച്ചിട്ടുണ്ട്.

Also Read: ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; നിരവധി പേർ അറ​സ്റ്റിൽ

രാജ്യവിരുദ്ധ ഉള്ളടക്കമുള്ള വളരെ എണ്ണം ലഘുലേഖകൾ ഡ്രോണുകളിലൂടെ കൊണ്ടിട്ടതായി ഉത്തര കൊറിയ വെള്ളിയാഴ്ച ആരോപിക്കുകയുണ്ടായി. സായുധ സംഘർഷത്തിലേക്ക് നയിച്ചേക്കാവുന്ന രാഷ്ട്രീയവും സൈനികവുമായ പ്രകോപനം എന്നാണിതിനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ സൈന്യമാണോ സിവിലിയൻമാരാണോ ഡ്രോണുകൾ പറത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദക്ഷിണ കൊറിയൻ ജെ.സി.എസി​ന്‍റെ വക്താവ് വിസമ്മതിച്ചു.

യോൻഹാപ്പ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച് ഏകദേശം 132 ദശലക്ഷം ഡോളറിനടുത്ത് നികുതിദായകരുടെ പണം ദക്ഷിണ കൊറിയ ഇന്‍റർ-കൊറിയൻ റോഡ് പുനഃർനിർമിക്കാൻ ചെലവഴിച്ചിട്ടുണ്ടെന്നാണ്. 1950-53 കാലഘട്ടത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം സമാധാന ഉടമ്പടിയിലല്ല, യുദ്ധവിരാമത്തിലാണ് അവസാനിച്ചത്. അടുത്തിടെ രാജ്യ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിലൂടെ തങ്ങളുടെ എതിരാളി ഡ്രോണുകൾ അയച്ചതായി ഉത്തര കൊറിയ ആരോപിച്ചതിനെത്തുടർന്ന് കൊറിയകൾക്കിടയിൽ വാക്‌പോര് രൂക്ഷമായിരുന്നു.

Top