പ്യോങ്യാങ്: ഉത്തരകൊറിയയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന് വന്‍സ്വീകരണം. കിം ജോങ് ഉന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പുടിനെ സ്വീകരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ പുടിനെത്തിയത്. ചുവന്ന പൂക്കളുള്ള ബൊക്കെ നല്‍കിയായിരുന്നു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. പരസ്പരം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും നേതാക്കള്‍ സ്നേഹം പങ്കു വെച്ചു. പിന്നീട് കിം ജോങ് ഉന്നും പുടിനും ചേര്‍ന്ന് ലിമോസിന്‍ കാറില്‍ പുടിന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ പ്രസിഡന്റ് ഉത്തരകൊറിയയിലെത്തിയത്. പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തരകൊറിയയിലെ തെരുവുകള്‍ റഷ്യന്‍ പതാകകള്‍ കൊണ്ടും നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. പിന്നീട് പുടിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന് കിം ഉല്‍ സുങ് സ്‌ക്വയറില്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
24 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു റഷ്യന്‍ നേതാവ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. പുടിനൊപ്പം റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക്കുമുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സൈനിക സഹകരണം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. ഉക്രൈനിലെ റഷ്യ അധിനിവേശത്തില്‍ ഉത്തരകൊറിയ ആയുധങ്ങള്‍ നല്‍കിയിരുന്നു.