CMDRF

വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ
വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

സോൾ : ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവം വിശകലനം ചെയ്യുകയാണെന്നു ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

ഇതിനുമുൻപു ജൂലൈ ഒന്നിനാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധസജ്ജമാകാനായി കൂടുതൽ ‘സൂയിസൈഡ് ഡ്രോണുകൾ’ വികസിപ്പിക്കാനും കിം ജോങ് ഉൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 24ന് വിവിധ ഡ്രോണുകളുടെ പ്രകടനം കിം നേരിട്ട് വീക്ഷിക്കാനെത്തിയെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അറിയിച്ചു.

കരയിലും കടലിലും വായുവിലും ശത്രുലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ഡ്രോണുകളാണിത്. ‘‘തന്ത്രപ്രധാന കാലാൾപ്പടയിലും പ്രത്യേക സൈനിക വിഭാഗങ്ങളിലും നിരീക്ഷണത്തിനും ബഹുമുഖ ആക്രമണത്തിനും ഇവ ഉപയോഗിക്കാം. ഡ്രോണുകളിൽ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ അവതരിപ്പിക്കേണ്ടതും ആവശ്യമാണ്.’’ കിം പറഞ്ഞു. ഡ്രോൺ ഭീഷണിക്കു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണമെന്നതു ലോകത്തിന് ആശങ്കയേറ്റുന്നു.

Top