ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി. പ്രസിഡന്റ് കസേരയിൽ അമരാൻ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും നടത്തിയ പരിശ്രമങ്ങൾ പരിസമാപ്തിയിലെത്തി കഴിഞ്ഞിരിക്കുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ പോലും ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്.
പ്രചാരങ്ങളും കൊട്ടിക്കലാശവും കെട്ടടങ്ങിയ അമേരിക്കൻ മണ്ണിൽ ഇനി അറിയേണ്ടത് 47ാംമത്തെ പ്രസിഡന്റ് പദവി ആർക്കായിരിക്കുമെന്നാണ്. കാര്യങ്ങൾ ഇങ്ങനെ ഒരു വശത്ത് പൊടിപൊടിക്കുമ്പോഴും മറുവശത്ത് ഒരാൾ തന്റെ ആണവായുധ പദ്ധതിക്ക് മൂർച്ചയും വേഗവും കൂട്ടുന്നതായ വാർത്തകളാണ് പുറത്തു വരുന്നത്.
Also Read: സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം
ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരകൊറിയ. ഈക്കാര്യം യു.എന്നിനെയും രാജ്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവ പദ്ധതിയിൽ നിലപാട് അറിയിച്ച് ഉത്തരകൊറിയ രംഗത്തെത്തുന്നത്. യു.എന്നിലെ ഉത്തരകൊറിയയുടെ അംബാസിഡറായ കിം സോങാണ് ഇക്കാര്യം സെക്യൂരിറ്റി കൗൺസിലിൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടത്തിയിരുന്നു.
ആണവായുധ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ ഉത്തരകൊറിയ പൂർണമായും ഒരുങ്ങിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഈ മിസൈൽ പരീക്ഷണങ്ങളിലൂടെ അവർ ലോകത്തിനു നൽകുന്നത്. ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്കാണ് പതിച്ചത്, വിക്ഷേപണം നടന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി ചേർന്ന കൗൺസിൽ യോഗത്തിൽ നേരത്തെ ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവി, കടലിന് നേരെ ഉത്തരകൊറിയ നടത്തിയ മിസൈൽ ആക്രമണത്തെയും അപലപിച്ചിരുന്നു.
Also Read: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ
ജപ്പാന്റെ കോസ്റ്റ്ഗാർഡ് ഉത്തരകൊറിയ നടത്തിയത് ബാലിസ്റ്റ് മിസൈൽ പരീക്ഷണമാണെന്നും വ്യക്തമാക്കിയിരുന്നു. അന്നും ഇന്നും ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തായാണ് മിസൈൽ പതിച്ചിരിക്കുന്നത്. അതേസമയം ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവർ സംയുക്ത വ്യോമാഭ്യാസം നടത്തിയാണ് മറുപടി നൽകിയത് എന്നത് ശ്രദ്ധേയമാണ്.
ഉത്തരകൊറിയയുടെ ഏറ്റവും ദൈർഘ്യമേറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിൽ പകച്ച അമേരിക്കയ്ക്ക് ഇനി കൂട്ട് കൂടി ദീർഘദൂര ബോംബറുകൾ പറത്തി കാണിക്കാൻ മാത്രമേ കഴിയൂ. അമേരിക്കയുടെ ബി 1ബി ബോംബർ, ദക്ഷിണ കൊറിയയുടെ എഫ് 15കെ, കെഎഫ് 16 യുദ്ധവിമാനങ്ങൾ, ജപ്പാന്റെ എഫ് 2 ജെറ്റുകൾ എന്നിവ കാട്ടിയാണ് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈലിനെ അവർ വെല്ലുവിളിക്കുന്നത്.
റഷ്യയിലേക്ക് ഉത്തരകൊറിയ അയച്ച പതിനായിരത്തോളം സൈനികരെ തിരികെ വിളിക്കണമെന്ന ആവശ്യവും അവർ ശക്തമാക്കിയിരുന്നു. എന്നാൽ അതൊന്നും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ലവലേശം കുലുക്കിയിയിട്ടില്ല, പകരം അവർ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് മണിക്കൂറുകൾക്കുള്ളിൽ കിം ജോങ് ഉൻ മിസൈൽ വിക്ഷേപണം നടത്തുകയാണുണ്ടായത്. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന് ഉത്തരകൊറിയ നൽകുന്ന പിന്തുണ കുറച്ചൊന്നുമല്ല അമേരിക്കയുടെയും അവരുടെ സഖ്യ കക്ഷികളുടെയും മനഃസമാധാനം കെടുത്തുന്നത്.
Also Read: ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി
റഷ്യ – ഉത്തരകൊറിയ ബന്ധം പുതിയ തലത്തില്‍ എത്തിയത് ആണവായുധങ്ങളില്‍ ഉള്‍പ്പെടെ റഷ്യന്‍ സഹായം കൂടുതലായി ഉത്തരകൊറിയക്ക് ലഭിക്കാന്‍ കാരണമാകുമെന്നാണ് ദക്ഷിണ കൊറിയയും ജപ്പാനും വിലയിരുത്തുന്നത്.
അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയയുടെ കൈവശമുള്ളത് അമേരിക്കയെ സംബന്ധിച്ച് വലിയ സുരക്ഷാഭീഷണിയാണ്. ഇതിൽ ഭയന്ന് ഈ വർഷം ഇത് രണ്ടാം തവണയാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് ഒരുമിച്ച് പരിശീലനം നടത്തുന്നത് എന്നതും നാം ഓർക്കണം.
അതേ സമയം എതിരാളികളെ അറിയിക്കുക എന്ന ഉദ്ദേശ്യം പൂർണമായി നിറവേറ്റുന്ന ഉചിതമായ സൈനിക നടപടിയാണ് മിസൈൽ പരീക്ഷണമെന്നാണ് കിമ്മിന്റെ പക്ഷം. രാജ്യത്തിന്റെ വടക്കൻ ഹൊക്കൈദോ മേഖലയിൽ നിന്നും ജപ്പാനിലെ ഒകുഷിരി ദ്വീപിന് പടിഞ്ഞാറായി പതിച്ച മിസൈൽ ഉത്തര കൊറിയയുടെ 2023 ഡിസംബറിലെ അവസാന പരീക്ഷണ വിക്ഷേപണത്തേക്കാൾ ദൈർഘ്യമേറിയതാണ്. ഇതിൽ ആശങ്ക പ്രകടിപ്പിച്ച്ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നകതാനി രംഗത്തെത്തുകയുണ്ടായി.
സംയുക്ത വ്യോമാഭ്യാസം ശത്രുവിന്റെ ആക്രമണ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പിൻഗാമി കൂടിയായ സഹോദരി കിം യോ ജോങ്ങിന്റെ പ്രതികരണം. സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, യുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ആണവ ഉൽപാദന ശ്രമങ്ങളും റഷ്യയുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതും അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.