പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീതവും സിനിമയും കണ്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് വാര്‍ത്തയാകുന്നത്. ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട 2024ലെ ഉത്തരകൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് 22കാരനെ വകവരുത്തിയ വിവരമുള്ളത്.
ഉത്തരകൊറിയന്‍ പ്രവിശ്യയായ ഹ്വാങ്ഹേ സ്വദേശിയാണ് ജനപ്രിയ കൊറിയന്‍ സംഗീതം കെ-പോപ്പ് കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കുറ്റമാരോപിക്കപ്പെട്ട് വധശിക്ഷയ്ക്കിരയായത്. 70 കെ-പോപ്പ് പാട്ടുകള്‍ കേള്‍ക്കുകയും മൂന്ന് സിനിമകള്‍ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് യുവാവിനെതിരെ ചുമത്തിയ കുറ്റമെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രതിലോമകരമായ സംസ്‌കാരവും പ്രത്യയശാസ്ത്രവും’ വിലക്കിക്കൊണ്ട് 2020ല്‍ ഉത്തരകൊറിയ നടപ്പാക്കിയ നിയമം ലംഘിച്ചെന്നും ആരോപണമുണ്ട്.
649 ഉത്തരകൊറിയന്‍ കൂറുമാറ്റക്കാരുടെ സാക്ഷിമൊഴികള്‍ ചേര്‍ത്താണ് ദക്ഷിണകൊറിയന്‍ മന്ത്രാലയം മനുഷ്യാവകാശ റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശ വിജ്ഞാനങ്ങളിലും അറിവുകളിലും വിനോദങ്ങളിലും യുവാക്കള്‍ ആകൃഷ്ടരാകുന്നതു തടയാന്‍ ഉത്തര കൊറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഇതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കെതിരെ വലിയ തോതില്‍ ഭരണകൂട വേട്ട നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍നിന്നുള്ള സംരക്ഷണം എന്നു പറഞ്ഞാണ് ഉത്തരകൊറിയ കെ-പേപ്പ് സംഗീതത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. നവവധു വെളുത്ത വസ്ത്രം ധരിക്കുന്നത്, വരന്‍ വധുവിനെ എടുത്തുപൊക്കുന്നത്, സണ്‍ഗ്ലാസ് വയ്ക്കുന്നത്, മദ്യം കഴിക്കുന്നത് എന്നിവയെല്ലാം പ്രതിലോമ പ്രവര്‍ത്തനമായാണ് നിയമം ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിരുന്നത്.
കിം ജോങ് ഉന്നിന്റെ മുന്‍ഗാമി കിം ജോങ് ഇല്‍ ആണ് വിദേശ സംസ്‌കാരത്തിനെതിരായ പ്രതിരോധം എന്ന പേരില്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങുന്നത്. ഇതു കൂടുതല്‍ കടുപ്പിക്കുകയാണ് കിം ജോങ് ഉന്‍ ചെയ്തത്. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടോ എന്ന് നിരീക്ഷിക്കാനായി പൗരന്മാരുടെ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി പരിശോധിക്കുന്നതും പതിവുണ്ട്. ആളുകളുടെ പേരുകളിലെ അക്ഷരവിന്യാസം, പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ സ്വാധീനമുണ്ടോ എന്നാണ് പരിശോധിച്ചിരുന്നത്.
പടിഞ്ഞാറന്‍-മുതലാളിത്ത രാജ്യങ്ങളിലെ ഫാഷന്‍ ശീലം അനുകരിക്കന്നതിനും കടുത്ത വിലക്കുണ്ട് ഉത്തരകൊറിയയില്‍. ഹെയര്‍സ്‌റ്റൈല്‍, വസ്ത്രധാരണരീതി എന്നിവയെല്ലാം നിരീക്ഷണത്തിന് വിധേയമായിരുന്നു. ചെത്തിപ്പൊളിച്ചുള്ള ഹെയര്‍കട്ടിനും ഇറുകിയ ജീന്‍സിനും ടി ഷര്‍ട്ടുകള്‍ക്കുമെതിരെ നടപടി തുടരുന്നുണ്ടെന്നാണ് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുടി കറുപ്പിക്കുന്നതിനും മുടി നീട്ടിവളര്‍ത്തുന്നതിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്.
ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമിടയിലും ദക്ഷിണകൊറിയന്‍ സംസ്‌കാരവും ജീവിതരീതിയും ഉത്തരകൊറിയയിലെ യുവാക്കള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും പുതിയ കൊറിയന്‍ ടെലിവിഷന്‍ ഷോകളും സംഗീത ബാന്‍ഡുകളുമെല്ലാം ഉത്തരകൊറിയയിലും ട്രെന്‍ഡാണെന്നാണ് കൂറുമാറിയ ഒരു യുവതി മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്.
അതിവേഗത്തിലാണ് ദക്ഷിണകൊറിയന്‍ സംസ്‌കാരം ഇവിടെ വ്യാപിക്കുന്നത്. അവ താല്‍പര്യത്തോടെയും ഇഷ്ടത്തോടെയും അനുകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയുമാണ് ഉത്തര കൊറിയക്കാരെന്നും യുവതി പറയുന്നു.