CMDRF

താന്‍ കൊടുത്ത ഫൂട്ടേജില്‍നിന്ന് ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല, വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി

താന്‍ കൊടുത്ത ഫൂട്ടേജില്‍നിന്ന് ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല, വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി
താന്‍ കൊടുത്ത ഫൂട്ടേജില്‍നിന്ന് ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല, വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി

കോഴിക്കോട്: മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ സിനിമയാണ് ആടുജീവിതം. അഭിനയ മികവുകൊണ്ടും ദൃശ്യമികവുകൊണ്ടും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു രംഗം ഷൂട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ കൊടുത്ത ഫൂട്ടേജില്‍നിന്ന് ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല. പുസ്തകം പുറത്തിറങ്ങി ഇത്രയും ആഘോഷിക്കപ്പെട്ടിട്ടും വരാത്ത ഇസ്ലാമോഫോബിയ, ലൈംഗികബന്ധ ചര്‍ച്ചകള്‍ കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ പുറത്തിറങ്ങുമ്പോള്‍ വരുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്നു മനസിലാകുന്നില്ലെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഞാന്‍ എന്റെ വ്യാഖ്യാനമാണു പറയുന്നത്. പുസ്തകത്തിലില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പറയുന്നുണ്ട്. അര്‍ബാബ് എന്ന പേരുമാറ്റി ഞാന്‍ കഫീല്‍ എന്നാക്കിയിട്ടുണ്ട്. പൊതുവെ പറയുന്നത് കഫീല്‍ എന്നാണ്. അത് എന്റെ പഠനത്തിന്റെ ഭാഗമാണ്. ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഞാന്‍ എടുത്തിട്ടുണ്ട്.

”നാടിനോടും വീടിനോടും ഭാര്യയോടുമുള്ള നജീബിന്റെ ബന്ധത്തില്‍ തന്നെ പുസ്തകവും എന്റെ കഥാപാത്രവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അവസാനം അവിടെനിന്നു യാത്രപറയുന്നതുവരെ ആ കണ്ണിമാങ്ങ മണം സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ അവതരിപ്പിച്ച നജീബ്. അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ അദ്ദേഹത്തിന്റെ കുടുംബമാണ്. എന്നെങ്കിലും ഒരു അവസരം വന്നാല്‍ ഇടാനായി ഉടുപ്പ് മാറ്റിവച്ചിരിക്കുന്ന നജീബ്. ഇത്തരത്തിലൊരാള്‍ ആടുമായി ലൈംഗികബന്ധം പുലര്‍ത്തിക്കഴിഞ്ഞാല്‍ ശരിയാകില്ല. തിരക്കഥ എഴുതുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരുപാടുപേര്‍ ഇതേക്കുറിച്ചു ചോദിച്ചിരുന്നു. അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്നു പറയുമ്പോള്‍ ബെന്യാമിന്‍ സേഫ് ആയി. ആള്‍ക്കാര്‍ക്കു മനസിലായി. വിഷ്വലി കാണിക്കുമ്പോള്‍ എത്ര വികൃതമായി അതിനെ ഞാന്‍ ചിത്രീകരിക്കണം. വേണമെങ്കില്‍ വളരെ ബുദ്ധിപരമായി പല ഷോട്ടുകളിലൂടെ എനിക്കു ചിത്രീകരിക്കാന്‍ പറ്റുമായിരുന്നു.

ചെയ്തതിനെക്കുറിച്ചു കുറ്റബോധവും ഹൃദയഭാരവുമുള്ള ആളല്ലായിരിക്കാം നോവലില്‍. പക്ഷേ, എന്റെ നജീബ് അങ്ങനെയല്ലല്ലോ.. അതുകൊണ്ടാണു പഴയ ചങ്ങാതിയെ കാണുമ്പോള്‍ അയാള്‍ പൊട്ടിക്കരയുന്നത്. മനുഷ്യവികാരങ്ങള്‍ നഷ്ടപ്പെടാത്ത ഒരാളായി തന്നെയാണ് ഞാന്‍ നജീബിനെ വളര്‍ത്തിക്കൊണ്ടുവന്നത്. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തുടര്‍ച്ചയില്‍ അയാള്‍ കുറ്റബോധം കൊണ്ട് അലറണം. അല്ലെങ്കില്‍ എല്ലാ മനുഷ്യത്വം നഷ്ടപ്പെട്ട അവസ്ഥയിലൂടെ ജീവിക്കണം. ഇതൊന്നും സിനിമയ്ക്ക് അനുകൂലമായ കാര്യമല്ല. എനിക്ക് അതു പറയേണ്ട ഉത്തരവാദിത്തവുമില്ല.”

തന്റെ നജീബ് സൈനുവിനെയും ഉമ്മയെയുമെല്ലാം എപ്പോഴും മനസില്‍ സൂക്ഷിക്കുന്നയാളാണ്. അങ്ങനെയല്ലെങ്കില്‍ ഒരു കുപ്പി കണ്ണിമാങ്ങ കിട്ടിക്കഴിഞ്ഞാന്‍ നമുക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ കൊണ്ട് തീര്‍ക്കാവുന്നതാണ്. ക്യാരക്ടറിന് ഇത് ആവശ്യമായിരുന്നെങ്കില്‍ പൃഥ്വിരാജ് ചെയ്യാന്‍ തയാറായിരിക്കാം. പക്ഷേ, എനിക്ക് ബോധ്യപ്പെടണം. എന്റെ നജീബിന്, ഞാന്‍ അവതരിപ്പിക്കുന്ന നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്കു പോകാന്‍ കഴിയില്ല. കഴിഞ്ഞാല്‍ പിന്നീടുള്ള എല്ലാ സീനിലും അതിന്റെ തുടര്‍ച്ചയായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ച് വലിയ ചര്‍ച്ച വന്നിരുന്നുവെന്നും ബ്ലെസി വെളിപ്പെടുത്തി. ബെന്യാമിനും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള ആളുകളുമായി സംസാരിച്ചു. അപ്പോഴൊക്കെ എന്റെ നിലപാട് ഇതുതന്നെയായിരുന്നു. പ്രത്യേകമായൊരു മാനസികാവസ്ഥയില്‍ ചെയ്തതാണെങ്കില്‍ പോലും ഇയാളൊരു മനുഷ്യനാണെങ്കില്‍, ഇയാളുടെ മനസില്‍ ഭാര്യയും കുടുംബവും നില്‍ക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യില്ല. ഞാന്‍ വലിയ ഫിലോസഫി അല്ല പറയുന്നത്. അഞ്ചാം ക്ലാസ് പഠിച്ചവന്റെ കുറ്റബോധമാണിത്. വളരെ സാധാരണക്കാരനായ, വലിയ കാര്യവിചാരങ്ങളില്ലാത്ത ഒരാള്‍ക്കു തോന്നാവുന്ന വലിയൊരു ഹൃദയഭാരമുണ്ടാകും. അങ്ങനെയാകുമ്പോള്‍ തുടര്‍ന്നുള്ള രംഗങ്ങളില്‍ അതു പ്രതിഫലിക്കണം. അതു പിന്നീട് സിനിമയെ എങ്ങോട്ടു നയിക്കുമെന്ന് അറിയില്ല. അയാള്‍ അതിനുശേഷം ആത്മഹത്യ ചെയ്തെന്നു വരാം. ഇതു സിനിമയുടെ കഥയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്തരമൊരു രംഗം ഷൂട്ട് ചെയ്തിട്ടുമില്ലെന്നും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുമില്ലെന്നും ബ്ലെസി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിനോട് മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കാണ്. ഞാന്‍ കൊടുത്ത ഫൂട്ടേജില്‍നിന്ന് ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല. ഒരു വോയ്സ് നോട്ട് മ്യൂട്ട് ചെയ്തു പകരം ഡബ് ചെയ്യാന്‍ പറഞ്ഞതു മാത്രമാണ് അതില്‍ ആകെയുണ്ടായത്. ഇതുമാത്രമാണ് സെന്‍സര്‍ ആവശ്യപ്പെട്ടത്. നേരത്തെ ചര്‍ച്ച നടന്നതുകൊണ്ട് ഷൂട്ട് ചെയ്തിട്ടുണ്ടാകുമെന്ന് ബെന്യാമിന്‍ കരുതിക്കാണും. അത്തരത്തിലുള്ള വിശദമായ കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടു പറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു ചോദ്യവും എനിക്കു വന്നിട്ടില്ല. ഇത് ഒരു അനാവശ്യവിവാദമാണ്. ആരെങ്കിലും ബോധപൂര്‍വം ഉണ്ടാക്കിവിടുന്നതാണോ എന്ന് അറിയില്ല. മലയാള സിനിമയ്ക്ക് ലോകസിനിമയില്‍ എത്താനുള്ള പടിയായി സാധാരണക്കാര്‍ മുതല്‍ എല്ലാ തരത്തിലുമുള്ള ആളുകള്‍ ഈ സിനിമയെ കാണുമ്പോള്‍ ഇത്തരത്തില്‍ ഇതിനെ ചെറുതായി കാണിക്കാനുള്ള ഉത്സാഹം ആരുടെ ചേതോവികാരമാണെന്നു മനസിലാകുന്നില്ല. സിനിമയെ ഇഷ്ടപ്പെടുന്ന ആളുകള്‍ അതിനെ തള്ളിക്കളയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Top