CMDRF

അമ്മയാകാന്‍ കഴിയാതിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നു: പക്ഷേ താനതില്‍ സമാധാനം കണ്ടെത്തി; മനീഷ കൊയ്രാള

അമ്മയാകാന്‍ കഴിയാതിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നു: പക്ഷേ താനതില്‍ സമാധാനം കണ്ടെത്തി; മനീഷ കൊയ്രാള
അമ്മയാകാന്‍ കഴിയാതിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നു: പക്ഷേ താനതില്‍ സമാധാനം കണ്ടെത്തി; മനീഷ കൊയ്രാള

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മനീഷ കൊയ്രാള ഒരുപിടി മികച്ച ചിത്രങ്ങളുമായി സിനിമയില്‍ സജീവമായിരിക്കുകയാണ്.
ഒവേറിയന്‍ കാന്‍സര്‍ ബാധിച്ചതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് മനീഷ കൊയ്രാള. 2012-ലാണ് താരത്തിന് ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ കാന്‍സറിനുപിന്നാലെ തനിക്ക് അമ്മയാകാന്‍ കഴിയാതിരുന്നതിനേക്കുറിച്ചുകൂടി മനീഷ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ചിലകാര്യങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നാണ് മനീഷ പറയുന്നത്. പ്രായമാകുംതോറും യാഥാര്‍ഥ്യത്തെ അംഗീകരിക്കും. ഒരിക്കലും സംഭവിക്കാത്ത ഒരുപാട് സ്വപ്നങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവുകയും അതില്‍ സമാധാനം കണ്ടെത്തുകയും ചെയ്യും. അത്തരത്തിലൊന്നാണ് മാതൃത്വമെന്നാണ് മനീഷ കൂട്ടിച്ചേര്‍ക്കുന്നത്.

ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതും അമ്മയാകാന്‍ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താനതില്‍ സമാധാനം കണ്ടെത്തി. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് ഇന്ന് ഉള്ളതുവച്ച് നന്നായി ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മനീഷ പറഞ്ഞു. കാന്‍സര്‍ സ്ഥിരീകരിച്ചതിനുപിന്നാലെ ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാന്‍ തനിക്ക് ഭയമായിരുന്നുവെന്ന് മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്. മരിക്കാന്‍ പോവുകയാണെന്നാണ് കരുതിയത്. അടുത്ത പത്തുവര്‍ഷമോ, അഞ്ചുവര്‍ഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും ഭയമായിരുന്നു. ഇപ്പോഴും ഭയമാണ്. കാന്‍സര്‍ തന്നെ അത്രത്തോളം സ്വാധീനിച്ചു. വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്. ദൈവാനുഗ്രഹത്താല്‍ എല്ലാം ശരിയായെന്നും ഇപ്പോള്‍ ആരോഗ്യത്തെ നിസ്സാരമാക്കി വിടാറില്ലെന്നും മനീഷ പറഞ്ഞു.

വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ ഘടകങ്ങള്‍. നല്ല ഡോക്ടറെ കണ്ടെത്തുകയും ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വേണം. നിങ്ങളെ താഴ്ത്തിക്കെട്ടുന്ന ആളുകള്‍ക്കൊപ്പം ആകാതിരിക്കുക. അത് കാന്‍സറെന്നല്ല, സാമ്പത്തിക പ്രതിസന്ധിയോ, ബന്ധങ്ങളിലെ പ്രതിസന്ധിയോ, ജോലിയിലെ ബുദ്ധിമുട്ടുകളോ ആണെങ്കില്‍പ്പോലും. -മനീഷ പറഞ്ഞു. 2012-ലാണ് അണ്ഡാശയ അര്‍ബുദമെന്ന വില്ലന്‍ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

Top