ആദ്യമായല്ലല്ലോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു :സൈന നെഹ്‌വാള്‍

ആദ്യമായല്ലല്ലോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു :സൈന നെഹ്‌വാള്‍
ആദ്യമായല്ലല്ലോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു :സൈന നെഹ്‌വാള്‍

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ച ശേഷം ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യത കല്‍പിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പഴി ചാരി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. വിനേഷ് ഫോഗട്ട് ആദ്യമായല്ല ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതെന്നും ഭാരം നിശ്ചിത പരിധിയില്‍ നിര്‍ത്തുന്ന കാര്യത്തില്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും സൈന അഭിപ്രായപ്പെട്ടു.

”ഒരു അത്‌ലറ്റ് എന്ന നിലയില്‍ വിനേഷ് ഇപ്പോള്‍ അനുഭവിക്കുന്ന വേദന മനസിലാക്കാന്‍ എനിക്ക് സാധിക്കും. ആ വികാരം പറഞ്ഞു ഫലിപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല. ശരീര ഭാരം പെട്ടെന്ന് കൂടിയിട്ടുണ്ടാകും. വിനേഷ് ഒരു പോരാളിയാണ്. എക്കാലത്തും മഹത്തായ രീതിയില്‍ അവര്‍ നടത്തിയ തിരിച്ചുവരവുകള്‍ നമ്മള്‍ക്കറിയാം. അടുത്ത തവണ വിനേഷ് ഇന്ത്യക്കായി ഉറപ്പായും മെഡല്‍ നേടും.”-സൈന പറഞ്ഞു.

”വിനേഷ് ഫോഗട്ട് പരിചയ സമ്പന്നയായ കായിക താരമാണ്. എന്താണ് ശരി എന്നും തെറ്റ് എന്നും മനസിലാക്കാന്‍ അവര്‍ക്ക് കഴിയും. ഗുസ്തിയുടെ നിയമങ്ങളെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതിന്റെ നിയമങ്ങള്‍ വിനേഷിന് നന്നായി അറിയാം. ഈ സംഭവത്തില്‍ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്. അതിനാല്‍ മെഡല്‍ നഷ്ടത്തില്‍ അവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഒളിമ്പിക്‌സ് പോലുള്ള വലിയ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ഒരിക്കലും വരുത്തിക്കൂടാ. എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല. കഠിനമായി പരിശ്രമിക്കുന്ന കായിക താരമായാണ് വിനേഷിനെ എനിക്കറിയാവുന്നത്.”-സൈന തുടര്‍ന്നു.

തീര്‍ച്ചയായും വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിമ്പിക്‌സ് ആയിരുന്നില്ല ഇത്. മൂന്നാം തവണയാണ് വിനേഷ് ഒളിമ്പിക്‌സിനെത്തിയത്. ഒളിമ്പിക്‌സ് പോലെയുള്ള വലിയ മത്സരിക്കുന്ന താരങ്ങള്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറില്ല. അവര്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടത് എങ്ങനെ എന്നത് ഒരു ചോദ്യമാണ്. പാരീസില്‍ വിനേഷിനെ സഹായിക്കാന്‍ പരിശീലകര്‍, ഫിസിയോ, ട്രെയിനേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന വലിയൊരു സംഘം തന്നെ ഒപ്പമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ കടുത്ത വിഷമത്തിലായിരിക്കും. ഇത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ്. എന്താണ് സംഭവിച്ചതെന്നും വിനേഷിനും പരിശീലകര്‍ക്കും മാത്രമേ അറിയുകയുള്ളൂ.-സൈന കൂട്ടിച്ചേര്‍ത്തു.

Top