കൊച്ചി: യുവ നടനെതിരായുള്ള ആരോപണത്തിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നടി സോണിയ മൽഹാർ. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സോണിയ മൽഹാറിനെ എസ്പി പൂങ്കുഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നടി അറിയിക്കുകയായിരുന്നു . 2013 ൽ അന്നത്തെ സൂപ്പർസ്റ്റാർ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മൽഹാറിന്റെ ആരോപണം.
വിശദാംശങ്ങൾ ചുവടെ:
ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മൽഹാർ പറയുന്നു. പിന്നിൽ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടൻ തലയൂരിയെന്ന് സോണിയ മൽഹാർ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങൾ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മൽഹാർ പറയുന്നു.
ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും സോണിയ മൽഹാർ ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് സോണിയ മൽഹാർ ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.