CMDRF

പ്രശസ്ത സാഹിത്യകാരന്റെ വീടാണെന്ന് അറിഞ്ഞില്ല, മോഷ്ടിച്ചത് എല്ലാം തിരിച്ചു നല്‍കി കള്ളന്‍

പ്രശസ്ത സാഹിത്യകാരന്റെ വീടാണെന്ന് അറിഞ്ഞില്ല, മോഷ്ടിച്ചത് എല്ലാം തിരിച്ചു നല്‍കി കള്ളന്‍
പ്രശസ്ത സാഹിത്യകാരന്റെ വീടാണെന്ന് അറിഞ്ഞില്ല, മോഷ്ടിച്ചത് എല്ലാം തിരിച്ചു നല്‍കി കള്ളന്‍

പ്രശസ്ത എഴുത്തുകാരന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ തിരിച്ചെത്തിച്ച് കള്ളന്‍. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച നാരായണ്‍ സര്‍വേയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കളാണ് കള്ളന്‍ മടക്കി നല്‍കിയത്. റായ്ഗഡ് ജില്ലയിലെ നേരല്‍ എന്ന സ്ഥലത്തുള്ള വീട്ടില്‍ മോഷണം നടന്ന വിവരം വാര്‍ത്തയായതിന് പിന്നാലെയാണ് കള്ളന്റെ നീക്കം.

വീട്ടിലെ എല്‍ഇഡി ടിവിയടക്കം സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2010 ഓഗസ്റ്റ് 16 ന് തന്റെ 84ാം വയസില്‍ അന്തരിച്ച നാരായണ്‍ സര്‍വേ മറാഠി കവിയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മുംബൈയിലാണ് ജനിച്ചത്. അനാഥനായി തെരുവിലായിരുന്നു പിറവി. ബാല്യത്തില്‍ പല തരം ജോലി ചെയ്ത് ഉപജീവനം കണ്ടെത്തി. യുവാവ് ആയപ്പോള്‍ പോര്‍ട്ടറായും മില്ലുകളിലും പണിയെടുത്തു. അക്ഷരാഭ്യാസം നേടിയ അദ്ദേഹം നിരന്തരം വായിച്ച് അറിവുണ്ടാക്കി. നഗരങ്ങളില്‍ ജീവിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ദുരിതയാതനകളെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച അദ്ദേഹം സഹജീവികള്‍ക്കൊപ്പം പോരാട്ട രംഗത്തും നിറസാന്നിധ്യമായിരുന്നു.

ഇദ്ദേഹത്തിന്റെ റായ്ഗഡിലെ വീട്ടില്‍ ഇപ്പോള്‍ മകള്‍ സുജാതയും ഭര്‍ത്താവ് ഗണേഷുമാണ് താമസിക്കുന്നത്. മകന്റെ വീട്ടിലേക്ക് ഇരുവരും താമസിക്കാനായി പോയ സമയത്താണ് കള്ളന്‍ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ആദ്യത്തെ ദിവസം ടിവി അടക്കം സാധനങ്ങളുമായി പോയ കള്ളന്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ സാധനങ്ങളെടുക്കാന്‍ ഇതേ വീട്ടിലെത്തി. അപ്പോഴാണ് ചുവരില്‍ നാരായണ്‍ സര്‍വേയുടെ ചിത്രം കള്ളന്‍ കണ്ടത്. നല്ല വായനക്കാരനായ കള്ളന്‍ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടില്‍ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ശേഷം മഹാനായ എഴുത്തുകാരന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരില്‍ ഒട്ടിച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്.

ഞായറാഴ്ച സുജാതയും ഭര്‍ത്താവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.

Top