ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ..പലതരത്തിലുള്ള ചായ പരീക്ഷിക്കുന്നവരാണ് നമ്മൾ. മിന്റ് ചായ, ഏലക്കാ ചായ, മസാല ചായ, ബിരിയാണി ചായ, ഇഞ്ചി ചായ, ലെമൺ ചായ, അങ്ങനെ അങ്ങനെ.. എന്നാൽ നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന ഈ ചായയെ കുറിച്ച് അധികമാർക്കും അറിയില്ല. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായയാണിത്. ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ അഥവാ നീല ചായയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും സമ്മർദ്ദത്തിനെതിരെ പോരാടാനുള്ള കഴിവിനും ഉപരിയായി ശരീരഭാരം കുറയ്ക്കാനായി ചില ആളുകൾ ബ്ലൂ ടീ ഉപയോഗിക്കുന്നു.
ശംഖ്പുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ സമ്മർദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും. ഇൻ്റർനാഷണൽ ജേണൽ ഓഫ് പ്യുവർ & അപ്ലൈഡ് ബയോസയൻസ് നടത്തിയ ഒരു പഠനത്തിൽ ശംഖുപുഷ്പത്തിൽ ശരീര വേദന കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് സന്ധിവാത വേദനയ്ക്ക് ഗുണകരമാണ്. ഹെർബൽ ശംഖുപുഷ്പം കൊണ്ടുള്ള ചായ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയിൽ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ദഹനക്കേട്, ശരീരവണ്ണം എന്നിവ തടയാൻ സഹായിക്കും.
നീല ചായ കാലങ്ങളായി വിപണിയിൽ ഉണ്ട്. യാത്രാ ബ്ലോഗുകളിലൂടെയും ഷോകളിലൂടെയും പ്രചാരം നേടിയ നീല ചായയുടെ തേയില ഉപഭോഗത്തിനായി ഇപ്പോൾ കടകളിലും സൂപ്പർമാർക്കറ്റുകളിലും നിന്ന് കൂടുതൽ എളുപ്പത്തിലും വ്യാപകമായും ലഭ്യമാവുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ചായ പ്രേമികൾ നീല ചായ, അവയുടെ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾക്കും ഉപയോഗങ്ങൾക്കുമായി പതിവായി വാങ്ങുന്നു. ഊലോംഗ് അല്ലെങ്കിൽ ബ്ലാക്ക് ഡ്രാഗൺ ടീ എന്ന പേരിലും നീല ചായ നേരത്തെ തന്നെ വിപണിയിൽ ലഭ്യമായിരുന്നു, എന്നാൽ ഇത് അടുത്തിടെ മാത്രമാണ് ജനപ്രീതി നേടിയത്.
നീല നിറത്തിലുള്ള ശംഘുപുഷ്പത്തിന്റെ ചെടി തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ്. ഇവയുടെ പൂവിന്റെ ദളങ്ങളുടെ കടും നീല നിറം പരമ്പരാഗതമായി നീല നിറത്തിലുള്ള ചായം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തായ്‌ലൻഡിലും വിയറ്റ്നാമിലും ഈ ചായ ജനപ്രിയമാണ്. അവിടെ അത്താഴത്തിന് ശേഷം വിളമ്പുന്ന നീല ചായയിൽ സാധാരണയായി നാരങ്ങയും തേനും ചേർക്കുന്നു. ചായയിൽ നാരങ്ങ നീര് ചേർക്കുന്നത് പാനീയത്തിന്റെ പി.എച്ച് നില മാറ്റുന്നു, ഇത് കടും നീല നിറത്തിൽ നിന്ന് ചായ പർപ്പിൾ നിറത്തിലേക്ക് മാറുന്നു. കോക്ടെയിലുകളിലും നിറം മാറ്റാൻ ഈ ഇലകൾ ഉപയോഗിക്കുന്നു.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്കു ശംഖുപുഷ്പം ചേർത്തു നന്നായി തിളപ്പിക്കുക. പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇങ്ങനെയും കുടിക്കാം. അതിലേക്കു നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം.