ശാസിച്ചതല്ല, ഉപദേശിച്ചതാണ്: വിശദീകരണവുമായി തമിഴിസൈ സൗന്ദര്‍രാജന്‍

ശാസിച്ചതല്ല, ഉപദേശിച്ചതാണ്: വിശദീകരണവുമായി തമിഴിസൈ സൗന്ദര്‍രാജന്‍
ശാസിച്ചതല്ല, ഉപദേശിച്ചതാണ്: വിശദീകരണവുമായി തമിഴിസൈ സൗന്ദര്‍രാജന്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ച സംഭവത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍. ശാസിച്ചതല്ല മറിച്ച്, രാഷ്ട്രീയ പ്രവര്‍ത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്ന് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

”2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായെ ആന്ധ്രപ്രദേശില്‍ കണ്ടപ്പോള്‍, ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചു. എല്ലാം വിശദമായി പറയാന്‍ തുടങ്ങിയപ്പോള്‍, സമയക്കുറവ് കാരണം, രാഷ്ട്രീയ-മണ്ഡല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നിര്‍വഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതേപ്പറ്റിയുള്ള അനാവശ്യ ഊഹാപോഹങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്”- എക്‌സില്‍ തമിഴിസൈ കുറിച്ചു. ചെന്നൈയിലേക്കു മടങ്ങിയെത്തിയ തമിഴിസൈ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നില്ല.

തമിഴിസൈ സൗന്ദര്‍രാജനെ വേദിയിലേക്കു വിളിച്ചുവരുത്തി അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നു എന്ന തരത്തിലാണു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയുടെ തോല്‍വിക്കു പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയ്‌ക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു ശാസനയെന്നായിരുന്നു വാര്‍ത്തകള്‍. വെങ്കയ്യ നായിഡുവുമായി വര്‍ത്തമാനം പറയവേ, വേദിയിലേക്കു കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു.

Top