CMDRF

നത്തിങ് 2എ പ്ലസ്

നത്തിങ് 2എ പ്ലസ്
നത്തിങ് 2എ പ്ലസ്

ത്തിങ്ങിന്റെ ആറാമത്തെ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 2എ പ്ലസ് പുറത്തിറക്കി. മുമ്പ് അവതരിപ്പിച്ച ഫോണ്‍ 2എ യുടെ പരിഷ്‌കരിച്ച പതിപ്പാണിത്. 27,999 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലാണ് ഫോണ്‍ ആദ്യമായി വില്‍പനയ്‌ക്കെത്തുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് വില്‍പന. മറ്റ് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും. മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7350 പ്രോ 5ജി ചിപ്പിസെറ്റ് ആണിതില്‍. 8 കോര്‍ 4എന്‍എം ജെന്‍ 2 പ്രൊസസ് സാങ്കേതിക വിദ്യയില്‍ 3.0 ഗിഗാഹെര്‍ട്സ് വേഗം ലഭിക്കുന്ന 8 കോര്‍ ചിപ്പ്‌സെറ്റാണ് ഡൈമെന്‍സിറ്റി 7350 പ്രോ 5ജി. ഫോണ്‍ 2എ യേക്കാള്‍ 10 ശതമാനം വേഗം കൂടുതലാണ് ഫോണ്‍ 2എ പ്ലസിനെന്ന് കമ്പനി പറയുന്നു. 8 ജിബി, 12 ജിബി റാമുമായി എത്തുന്ന ഫോണില്‍ റാം ബൂസ്റ്റര്‍ സംവിധാനത്തിലൂടെ 8 ജിബി അധികമായി റാമിനായി ഉപയോഗിക്കാം

അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനമാണ് ഫോണ്‍ 2എ പ്ലസില്‍. ഇത് ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കും. 5000 എംഎച്ച് ബാറ്ററിയില്‍ 1000 തവണ ചാര്‍ജ് ചെയ്താലും 90 ശതമാനത്തിന് മേല്‍ ചാര്‍ജിങ് ശേഷിയുണ്ടാകുമെന്ന് കമ്പനി പറയുന്നു. 50 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 2 ദിവസം ഫോണില്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം . എന്നാല്‍ വോയ്സ് കോള്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കാണ് 41.6 മണിക്കൂര്‍ ചാര്‍ജ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യൂട്യൂബ് ഉപയോഗിച്ചാല്‍ 21.9 മണിക്കൂര്‍ ആണ് ചാര്‍ജ് ലഭിക്കുക.

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതില്‍. രണ്ട് ക്യാമറയിലും 50 എംപി സെന്‍സറുകളാണ്. ഇതില്‍ പ്രധാന സെന്‍സറില്‍ എഫ്1.88 അപ്പേര്‍ച്ചറും ഒപ്റ്റിക്കല്‍/ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനങ്ങളുണ്ട്. അള്‍ട്രാ വൈഡ് സെന്‍സറാണ് രണ്ടാമത്തേത്. ഫ്രണ്ട് ക്യാമറയിലും 50 എംപി സെന്‍സര്‍ തന്നെയാണുള്ളത്. ഫോണില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6 ആണുള്ളത്. ഒഎസിനോട് ചേര്‍ന്ന് തന്നെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി വോയ്സ് എഐ സംവിധാനവും നത്തിങ് ഫോണ്‍ 2എ പ്ലസില്‍ ലഭിക്കും. നത്തിങ് ഇയര്‍ഫോണുകളുടെ സഹായത്തോടെ ഇത് ഉപയോഗിക്കാനാവും.

രണ്ട് സിംകാര്‍ഡുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. ബ്ലൂടൂത്ത് 5.3, വൈഫൈ, എന്‍എഫ്‌സി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഐപി 54 റേറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഫോണിനുണ്ട്. ഫോണിന്റെ 8 ജിബി + 256 ജിബി പതിപ്പിന് 27999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പിന് 29999 രൂപയ്ക്കും ലഭിക്കും.

Top