ഒന്നും പുരിയലേ.. കേന്ദ്രമന്ത്രിയുടെ ഹിന്ദി കത്തിന് തമിഴിൽ മറുപടി അയച്ച് ഡി.എം.കെ എം.പി

വേണമെങ്കില്‍ ഗൂഗിള്‍ ലെന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കത്തിലെ ഉള്ളടക്കം മനസിലാക്കാന്‍ സാധിക്കുമെങ്കിലും അത് ശരിയായ നടപടി അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും എം.പി കൂട്ടിച്ചേർത്തു

ഒന്നും പുരിയലേ.. കേന്ദ്രമന്ത്രിയുടെ ഹിന്ദി കത്തിന് തമിഴിൽ മറുപടി അയച്ച് ഡി.എം.കെ എം.പി
ഒന്നും പുരിയലേ.. കേന്ദ്രമന്ത്രിയുടെ ഹിന്ദി കത്തിന് തമിഴിൽ മറുപടി അയച്ച് ഡി.എം.കെ എം.പി

ചെന്നൈ: മക്കൾ രാഷ്ട്രീയം അതിത്രീവമായി വാഴുന്ന മണ്ണ് ആണ് തമിഴ്നാട്. ആ തമിഴ്നാട്ടുകാരുടെ ഹിന്ദി ഭാഷയോടുള്ള എതിർപ്പ് ഏറെ പരസ്യമാണ്. എല്ലാ കാലത്തും പ്രാദേശിക ഭാഷയെ മുറുകെ പിടിച്ചവരാണ് തമിഴ് ജനത. കേന്ദ്രമന്ത്രി ഹിന്ദിയിൽ അയച്ച കത്തിന് ഒന്നും മനസിലായി​ല്ലെന്ന് പറഞ്ഞ് മറുപടി നൽകിയിരിക്കുകയാണ് തമിഴ് എം.പി. ട്രെയിനിലെ ഭക്ഷണ ശുചിത്വം, ഗുണനിലവാരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച പുതുക്കോട്ട എം.പി എം.എം. അബ്ദുള്ളക്കാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ഹിന്ദിയിൽ മറുപടി കത്ത് അയച്ചത്. എന്നാൽ കത്ത് ഹിന്ദിയിൽ ആയതിനാൽ തനിക്ക് ഒന്നും മനസിലായില്ലെന്നും ഇംഗ്ലീഷിൽ മറുപടി നൽകണമെന്നും അഭ്യർഥിച്ച് കേന്ദ്രമന്ത്രിക്ക് അയച്ചിരിക്കുകയാണ് എം.പി.

എന്നാൽ ഹിന്ദി അറിയില്ലെന്ന് നിരവധി തവണ കേന്ദ്രമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവർ ആ ഭാഷയിൽ തന്നെ ആശയവിനിമയം തുടരുകയായിരുന്നുവെന്ന് തമിഴ് എം.പി എക്സിൽ കുറിച്ചു. അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അബ്ദുള്ള ഒരു പ്രത്യേക പ്രമേയം അവതരിപ്പിച്ചിരുന്നു. ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണന്ന കാര്യമാണ് ഈ പ്രമേയത്തില്‍ ഉന്നയിച്ചത്.

Also Read: ‘മേലുദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യേണ്ടി വരുന്നു’! എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിൾ

1976ലെ ഔദ്യോഗിക ഭാഷാ ചട്ടങ്ങള്‍ അനുസരിച്ച് തമിഴ്‌നാട് ഇ കാറ്റഗറിക്ക് കീഴിലാണ്, അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇംഗ്ലീഷിലൂടെ മാത്രമേ ആശയവിനിമയം നടത്താവൂവെന്നും എം.പി പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എം.പി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വേണമെങ്കില്‍ ഗൂഗിള്‍ ലെന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കത്തിലെ ഉള്ളടക്കം മനസിലാക്കാന്‍ സാധിക്കുമെങ്കിലും അത് ശരിയായ നടപടി അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും എം.പി കൂട്ടിച്ചേർത്തു.

Top