CMDRF

കൊൽക്കത്ത ബലാത്സംഗം ;വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നോട്ടീസ്

കൊൽക്കത്ത ബലാത്സംഗം ;വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നോട്ടീസ്
കൊൽക്കത്ത ബലാത്സംഗം ;വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നോട്ടീസ്

കൊല്‍ക്കത്ത: ആർ.കെകർ ആശുപത്രിയിൽ​ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർമാർക്കും ബി.ജെ.പി നേതാക്കൾക്കും നോട്ടീസ്. ഡോക്ടർമാരായ ഡോ.കുനാൽ സർക്കാർ, ഡോ.സുബർണ ഗോസ്വാമി, ബി.ജെ.പി നേതാവും മുൻ എം.പിയുമായ ലോകേത് ചാറ്റർജി എന്നിവർക്കാണ് നോട്ടീസ്. ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസിലെ അന്വേഷണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യാജ വിവരങ്ങൾ പങ്കുവെച്ചതിനാണ് ഡോ.സർക്കാറിനും ഡോ.ഗോസ്വാമിക്കും നോട്ടീസ് നൽകിയത്. വ്യത്യസ്ത മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലൈംഗികാതിക്രമത്തില്‍ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെന്ന് സുബര്‍നോ ഗോസ്വാമി അവകാശപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന് ഗോസ്വാമി അവകാശപ്പെട്ടിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ 150 ഗ്രാമോളം ബീജം കണ്ടെത്തിയെന്നും, പെല്‍വിക് അസ്ഥിക്ക് പൊട്ടല്‍ ഉണ്ടായിരുന്നെന്നും കൂട്ടബലാത്സംഗത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്നായിരുന്നു ഗോസ്വാമിയുടെ അവകാശവാദം.

എന്നാൽ, ഇതെല്ലാം വ്യാജ വിവരങ്ങളാണെന്നാണ് പൊലീസ് നിലപാട്. ഔദ്യോഗിക വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്തരം വിവരങ്ങളില്ലെന്നാണ് പറയുന്നത്. ഈ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടെന്നും അത് ജനരോഷത്തിന് ഇന്ധനം പകര്‍ന്നെന്നുമാണ് പൊലീസ് പറയുന്നത്.

ഇരയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനാണ് ബി.ജെ.പി മുൻ എം.പി ലോകേത് ചാറ്റർജിക്കെതിരെ കേസെടുത്തത്. കൊല്‍ക്കത്ത പൊലീസ് ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിനേക്കാള്‍ മുന്‍ഗണന സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ നിരീക്ഷിക്കുന്നതിനാണ് നല്‍കുന്നതെന്ന വിമര്‍ശനമാണ് പൊലീസ് നോട്ടീസിനോടുള്ള പ്രതികരണമായി ലോകത് ചാറ്റര്‍ജി പറഞ്ഞത്.

Top