ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ്

ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ്

ഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജെഡിഎസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. കേസിലെ മറ്റൊരു പ്രതിയായ, പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

പ്രജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്വലിന്റെ വീഡിയോ വിവാദം.അന്വേഷണം തീരും വരെ പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്‌ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം ഇരകളെന്ന് കരുതുന്ന സ്ത്രീകളില്‍ നിന്നുള്ള മൊഴിയെടുക്കല്‍ തുടരുകയാണ്.

നേരിട്ട് നോട്ടീസ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോളേനരസിപ്പൂരിലെ ഇവരുടെ വീട്ടിനു മുന്നില്‍ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ കേസ്.

Top