ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ ഉൾപ്പടെ ഉയർന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകൾ നൽകുന്ന പ്ലാറ്റ്‌ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് വളരെ കുറഞ്ഞ നിരക്കിൽ റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസം വെറും 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ ആദ്യമായാണ് ഒരു പ്രധാന സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്നത്.
ഈ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടാവില്ല, 4കെ നിലവാരത്തിൽ ഒരു ഉപകരണത്തിൽ മാത്രം വീഡിയോകളും ആസ്വദിക്കാം, കൂടാതെ ഓഫ്‌ലൈനായും ഉള്ളടക്കം കാണാം. സിനിമകൾ, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമകൾ, അന്താരാഷ്ട്ര ടെലിവിഷൻ സീരീസുകൾ, കുട്ടികൾക്കുള്ള പരിപാടികൾ, ടിവി പരിപാടികൾ എന്നിവയെല്ലാം സ്മാർട് ടിവികൾ ഉൾപ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും. എന്നാൽ, ലൈവ്, അതുപോലെ സ്‍പോർട്സ് മത്സരങ്ങൾ കാണുമ്പോൾ പരസ്യങ്ങൾ കാണേണ്ടിവരും.
അതേസമയം, 89 രൂപയുടെ ഫാമിലി പ്ലാനിൽ ഒരേ സമയം നാല് സ്‌ക്രീനുകളിൽ ജിയോ സിനിമ ഉപയോഗിക്കാനാവും. നിലവിലുള്ള ജിയോ പ്രീമിയം പ്ലാനുകൾ 89 രൂപയുടെ പ്ലാനിലേക്ക് ഓട്ടോമാറ്റിക് ആയി അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതേസമയം ഐപിഎൽ പോലുള്ള കായിക വിനോദങ്ങൾ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.
പീക്കോക്ക്, എച്ച്ബിഒ, പാരാമൗണ്ട്, വാർണർ ബ്രോസ്.ഡിസ്‌കവറി തുടങ്ങിയ ആഗോള പ്രൊഡക്ഷൻ കമ്പനികളുടെ ഉള്ളടക്കങ്ങൾ ജിയോ സിനിമ പ്രീമിയം വരിക്കാർക്ക് ആസ്വദിക്കാനാവും.