ദുബൈ: വിമാനത്തിനകം വൃത്തിയാക്കാന്‍ നൂതന സാങ്കേതിക വിദ്യകളുമായി നിര്‍മിത ബുദ്ധി റോബോട്ടുകള്‍ ഉപയോഗിക്കും. വിമാനത്തിലെ സീറ്റുകള്‍ വൃത്തിയാക്കാനും അണുമുക്തമാക്കാനും കഴിയുന്ന റോബോട്ടുകളാണ് വികസിപ്പിച്ചത്. എമിറേറ്റ് എയര്‍ലൈന്‍ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന നൂതന സാങ്കേതിക വിദ്യാ പ്രദര്‍ശനത്തിലാണ് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലീനിങ് റോബോട്ടുകളെ അവതരിപ്പിച്ചത്. 90 ഡിഗ്രിയില്‍ തിരിയാന്‍ സാധിക്കുന്ന കൈകളോടുകൂടിയ റോബോട്ടുകള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വൃത്തിയാക്കാന്‍ കഴിയും. കൂടാതെ യാത്രക്കാര്‍ വിമാനത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ ട്രേകള്‍ നീക്കം ചെയ്യാനും സാധിക്കും. യാത്രക്കാരുടെ സീറ്റുകളുടെ പോക്കറ്റുകളില്‍ എന്തെങ്കിലും എടുക്കാന്‍ വിട്ടുപോയോ എന്ന് പരിശോധിക്കാനും എ.ഐ റോബോട്ടുകളെ ഉപയോഗിക്കാം.
ഇതുവഴി യാത്രക്കാര്‍ മറന്നുവെച്ച വസ്തുക്കള്‍ യഥാര്‍ഥ ഉടമകള്‍ക്ക് തിരിച്ചേല്‍പിക്കാന്‍ കഴിയും. കൂടാതെ പരിശോധനയുടെ ദൃശ്യങ്ങള്‍ റോബോട്ടുകളുടെ കൈകളിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പകര്‍ത്തുന്നതിനാല്‍ ഓപറേറ്റര്‍മാര്‍ക്ക് ആവശ്യമായ ഇടപെടല്‍ വേഗത്തില്‍ നടത്താനാകും. അവസാനവട്ട നിരീക്ഷണങ്ങളും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി വൈകാതെ ഇവ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് എമിറേറ്റ് ഗ്രൂപ്പിന്റെ ടെക്‌നോളജി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് കീനന്‍ ഹംസ പറഞ്ഞു. അതോടൊപ്പം വിമാനത്തിലെ യാത്രക്കാര്‍ക്ക് കാഷോ കാര്‍ഡോ ഉപയോഗിക്കാതെ മുഖം തിരിച്ചറിഞ്ഞ് പണമിടപാട് നടത്താന്‍ കഴിയുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയും പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതുള്‍പ്പെടെ 30ലധികം സാങ്കേതികവിദ്യകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്