ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെ കെ രമ

മണ്ഡലത്തില്‍ 18,724 വോട്ടുകള്‍ക്കാണ് രാഹുലിന്റെ വിജയം

ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെ കെ രമ
ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെ കെ രമ

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് ആര്‍എംപിഐ നേതാവ് കെ കെ രമ. പാലക്കാടിന്റെ ഈ വിജയം വടകരയുടെ കൂടി വിജയം ആണെന്നും ഇവിടെ രണ്ടിടത്തും തോറ്റത് ഒരേ സ്ട്രാറ്റജിയാണെന്നും കെ കെ രമ അഭിപ്രായപ്പെട്ടു. വടകരയില്‍ നവമാധ്യമങ്ങളിലൂടെയാണ് വര്‍ഗീയ കാര്‍ഡ് ഇറക്കിയതെങ്കില്‍ പാലക്കാട് അത് മാധ്യമങ്ങളിലൂടെ നേരിട്ടായിരുന്നുവെന്നും കെ കെ രമ കൂട്ടിച്ചേർത്തു. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടും പാലക്കാട്ടെ പത്രപരസ്യവും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രമയുടെ ഈ പ്രതികരണം.

Also Read : പാലക്കാട് വിജയം വർഗീയ ധ്രുവീകരണത്തിന്റെ ബാക്കി: മന്ത്രി പി രാജീവ്

കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. ചന്ദ്രശേഖരന്റെ നാട്ടുകാര്‍ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ചില ചെറുപ്പക്കാര്‍ പാലക്കാടിനും വടകരയ്ക്കുമിടയില്‍ നെയ്ത പാലത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്…പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്‍ഗീയക്കാര്‍ഡിറക്കിയതെങ്കില്‍ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു.തോറ്റ സ്ട്രാറ്റജികള്‍ രണ്ടിടത്തും ഒന്നാണ്. തോല്‍പ്പിച്ച ജനതയും ഒന്നാണ്. വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍..ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.പ്രിയ രാഹുല്‍, അഭിനന്ദനങ്ങള്‍.

പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തില്‍ 18,724 വോട്ടുകള്‍ക്കാണ് രാഹുലിന്റെ വിജയം. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.

Top