ആപ്പിൾ ഈ വർഷം അവസാനത്തോടെ പുതിയ ആക്‌സസബിലിറ്റി ഫീച്ചറുകൾ ഐഫോണിൽ അവതരിപ്പിക്കും. ആപ്പിൾ ന്യൂസ് റൂമിൽ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പ്രഖ്യാപനങ്ങൾ. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്സ്, വോക്കൽ ഷോർട്ട്കട്ട്സ് ഉൾപ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ഫീച്ചറുകൾ പുറത്തിറക്കാനിരിക്കുന്ന ഐഒസ് 18 ൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ ഫോൺ നിയന്ത്രിക്കാൻ പ്രാപ്‌തമാക്കുകയാണ് ഐട്രാക്കിങ് സംവിധാനം ചെയ്യുക. കണ്ണുകൊണ്ട് നോക്കി ആപ്പുകൾ ഉപയോഗിക്കാൻ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ഫോണിലെയും ഐപാഡിലേയും ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാണ് കണ്ണുകളുടെ ചലനം നിരീക്ഷിക്കുക. ഫോണിൽ തന്നെ പ്രവർത്തിക്കുന്ന മെഷീൻ ലേണിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട ഡേറ്റ ഫോണിൽ തന്നെയാണ് സൂക്ഷിക്കുകയെന്നും കമ്പനി പറഞ്ഞു.
കേൾവിക്ക് പ്രശ്നങ്ങളുള്ളവർക്ക് വേണ്ടിയാണ് മ്യൂസിക് ഹാപ്റ്റിക്സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഫോണിൽ പാട്ട് കേൾക്കുമ്പോൾ ആ പാട്ടിനനുസരിച്ച് ഐഫോണിൻ്റെ ടാപ്റ്റിക് എഞ്ചിൻ ഫോണിൽ വൈബ്രേഷനുകളും ടാപ്പുകളുമെല്ലാാം പ്രവർത്തിപ്പിക്കും. ആപ്പിൾ മ്യൂസിക്കിലെ ലക്ഷക്കണക്കിന് പാട്ടുകളിൽ ഈ സൗകര്യം ലഭ്യമാണ്. ഈ സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നതിന് മ്യൂസിക് ഹാപ്റ്റിക്സിന്റെ എപിഐയും ഡവലപ്പർമാർക്ക് ലഭ്യമാക്കുംഐഫോൺ, ഐപാഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച മറ്റൊരു സൗകര്യമാണ് വെഹിക്കിൾ മോഷൻ ക്യൂസ് . ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട് വാഹനത്തിലിരുന്നും ഐഫോൺ ഉപയോഗിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സൗകര്യമാണ് വെഹിക്കിൾ മോഷൻ ക്യൂസ്.
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കാണുന്നതും അനുഭവപ്പെടുന്നതുമായ കാര്യങ്ങളിൽ മനുഷ്യരുടെ ഇന്ദ്രീയങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് മോഷൻ സിക്ക്നെസിന് കാരണമാകുന്നത് എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. വെഹിക്കൾ മോഷൻ ക്യൂ ഉപയോഗിക്കുമ്പോൾ ഡിസ്പ്ലേയിൽ അനിമേറ്റഡ് ഡോട്ടുകൾ കാണാം. ഇത് വാഹനത്തിൻ്റെ ചലനത്തിനുസരിച്ച് ചലിക്കുകയും അത് നമ്മുടെ ഇന്ദ്രീയങ്ങളുടെ ആശയക്കുഴപ്പം ഇല്ലാതാക്കുകയും ചെയ്യും. ഫോണിലെയും ടാബിലേയും സെൻസറുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.