ഇനി ദിവസവും ഓരോ വാഴപ്പഴം കഴിക്കാം

ഇനി ദിവസവും ഓരോ വാഴപ്പഴം കഴിക്കാം

ലയാളി, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. കദളീ രസായനം പോലുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ വാഴപ്പഴം പ്രധാന ഘടകമാണ്. ശരീരം നന്നാക്കാനും വിശപ്പ് മാറ്റാനും രോഗങ്ങള്‍ ശമിപ്പിക്കാനും വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്.

വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു.അസിഡിറ്റിക്ക് ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം. കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്. പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന്‍ പഴം കഴിക്കുക പതിവാണ്. വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഇരുമ്പ് സത്താണ്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്‍ കൂട്ടാനും വിളര്‍ച്ച ഇല്ലാതാക്കാനും സഹായിക്കുന്നു. വാഴപ്പഴത്തിലെ മറ്റൊരു പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. ശരീരത്തിലെ ജലാംശത്തിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്താനും വാഴപ്പഴത്തിനു കഴിവുണ്ട്. ഇത് മൂലം മാനസിക സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു. വാഴപ്പഴത്തില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ എന്ന പ്രൊട്ടീന്‍ ദഹനത്തിലൂടെ സെറോടോണിനായി മാറുന്നു. ഇതും മാനസിക പിരിമുറുക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വൈറ്റമിന്‍ ബി 6 രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി ബാധിക്കുന്നു.

Top