ഐ.പി.എല്ലും സിനിമയും സീരീസുകളുമടക്കമുള്ള ഇന്ത്യന്‍ ഉള്ളടക്കങ്ങളും ജിയോ സിനിമയില്‍ സൗജന്യമായി ആസ്വദിക്കാം. എന്നാല്‍ ഇടക്കിടെയുള്ള പരസ്യങ്ങള്‍ മടുപ്പുളവാക്കുന്നതാണ്. ഇപ്പോഴിതാ, ജിയോ തങ്ങളുടെ ജിയോസിനിമ ഉപയോക്താക്കള്‍ക്കായി ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ കണ്ടന്റുകളും പരസ്യങ്ങളുടെ ശല്യമില്ലാതെ ആസ്വദിക്കാനാണ് ഏപ്രില്‍ 25 ന് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. പുതിയ പ്ലാന്‍ കമ്പനി അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ വിദേശ ഉള്ളടക്കം കാണാന്‍ 999 രൂപയുടെ വാര്‍ഷിക പ്രീമിയം പ്ലാന്‍ ജിയോ സിനിമയിലുണ്ട്. 99 രൂപയുടെ പ്രതിമാസ പ്ലാനുമുണ്ട്. എച്ച്.ബി.ഒ, വാര്‍ണര്‍ ബ്രോസ്, പീകോക്ക് അടക്കമുള്ള ഹോളിവുഡ് വിനോദ ഭീമന്‍മാരുടെ സിനിമകളും സീരീസുകളുമാണ് ഈ രണ്ട് പ്രീമിയം പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. നാല് ഉപകരണങ്ങളില്‍ ഒരേസമയം ലോഗിന്‍ ചെയ്യാനും 4കെ ക്വാളിറ്റിയില്‍ കാണാനും ഈ പ്ലാനുകള്‍ അനുവദിക്കും. പക്ഷെ, പ്രീമിയം യൂസര്‍മാരും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പരാതിപ്പെടുന്നുണ്ട്.