ചങ്ങനാശേരി; ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്നയിൽ നായർ സർവീസ് സൊസൈറ്റിയുടെ 110–ാം ബജറ്റ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുന്നാക്ക സമുദായങ്ങളെ നീതി നൽകാതെ അകറ്റി നിർത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർധ പടർത്തുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട്ബാങ്കുകളായ ജാതി വിഭാഗങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങി, രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനായുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെൻസസും.
സ്വാതന്ത്ര്യം ലഭിച്ചു 76 വർഷം പിന്നിട്ടിട്ടും ഈ ലക്ഷ്യം നേടാത്തതിനു കാരണം പ്രായോഗിക തലത്തിലെ അശാസ്ത്രീയതയാണ്. ജാതിസംവരണത്തിനു പകരം എല്ലാവരെയും സമൻമാരായി കാണുന്ന ബദൽ സംവിധാനം വരണം. ജാതിസംവരണത്തിന്റെ പേരിലുള്ള ഇളവുകൾ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
സർക്കാരുകളുടെ തെറ്റായ ന യങ്ങളെ എതിർക്കുകയും നല്ല കാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുന്ന നയം എൻഎസ് എസ് തുടരും. തിരഞ്ഞെടുപ്പ് പരാജയത്തിൽനിന്നു സർക്കാരുകൾ പാഠം പഠിക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്പ്രദായത്തെ തളർത്തുമെന്നുള്ള വാശിയിലാണു സർക്കാർ. എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ വിലകുറച്ചു കാണുന്ന നയമാണെന്നും സുകുമാരൻ നായർ പറഞ്ഞു. 2024–2025 സാമ്പത്തിക വർഷത്തേക്കു 157 കോടി 55 ലക്ഷം രൂപ വരവും അത്ര തന്നെ ചെലവുമുള്ള ബജറ്റ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു.