അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ

പുതിയ സിദ്ധാന്തമനുസരിച്ച് വന്‍തോതിലുള്ള നശീകരണ ആയുധങ്ങളോ പരമ്പരാഗത ആയുധങ്ങളുടെ വലിയ ശേഖരങ്ങളോ കൈവശമുള്ള ശത്രുശക്തികളുടെയും സൈനിക സംഘങ്ങളുടെയും ആക്രമണം തടയാന്‍ റഷ്യയ്ക്ക് ആണവായുധം ഉപയോഗിക്കാന്‍ സാധിക്കും. അതെ സമയം റഷ്യയ്ക്കെതിരായ നീക്കങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതികള്‍ നേരിടേണ്ടതായി വരും.

അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ
അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ

ഷ്യ- യുക്രെയ്ന്‍ യുദ്ധം ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഈ ഘട്ടത്തില്‍ ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന തീരുമാനമാണിപ്പോള്‍ റഷ്യ എടുത്തിരിക്കുന്നത്. റഷ്യയ്ക്കുള്ളില്‍ ആഴത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതോടെ അമേരിക്കയില്‍ ഉള്‍പ്പെടെ ആണവായുധം പ്രയോഗിക്കാനുള്ള പദ്ധതിയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുതിയ ആണവ സിദ്ധാന്തത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രധാന സൈനിക രേഖയുടെ പുതുക്കിയ പതിപ്പിനൊപ്പം നവംബര്‍ 19 നാണ് ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ സിദ്ധാന്തമനുസരിച്ച് വന്‍തോതിലുള്ള നശീകരണ ആയുധങ്ങളോ പരമ്പരാഗത ആയുധങ്ങളുടെ വലിയ ശേഖരങ്ങളോ കൈവശമുള്ള ശത്രുശക്തികളുടെയും സൈനിക സംഘങ്ങളുടെയും ആക്രമണം തടയാന്‍ റഷ്യയ്ക്ക് ആണവായുധം ഉപയോഗിക്കാന്‍ സാധിക്കും. അതെ സമയം റഷ്യയ്ക്കെതിരായ നീക്കങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതികള്‍ നേരിടേണ്ടതായി വരും.

Joe Biden

ആണവായുധങ്ങള്‍ ഇല്ലാത്ത രാജ്യം നടത്തുന്ന ആക്രമണം ആ രാജ്യത്തെ പിന്തുണയ്ക്കുന്ന ശക്തികളുടെ കൂട്ടായ ആക്രമണമായി കണക്കാക്കുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔപചാരികമായി ഒരു സൈനിക സഖ്യത്തില്‍ ഉള്‍പ്പെടാത്ത രാജ്യത്തിന് ആണവശക്തിയുടെ പിന്തുണയുണ്ടെങ്കിലും ഇത് ബാധകമാകും. അതായത് യുക്രെയിനെ മാത്രമല്ല ആണവായുധം ഉപയോഗിച്ച് അമേരിക്കയെയും ആക്രമിക്കാനുള്ള പദ്ധതിയാണ് റഷ്യ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യ ആക്രമിക്കപ്പെട്ടാല്‍ ”പ്രതികാരം അനിവാര്യമാണെന്ന് ആക്രമിക്കുന്ന രാജ്യങ്ങളും പിന്തുണയ്ക്കുന്നവരും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് റഷ്യയുടെ ലക്ഷ്യം ഇതേ സംരക്ഷണം റഷ്യന്‍ സൈനിക സഖ്യകക്ഷികള്‍ക്കും ലഭിക്കും.

അതായത്, ഉത്തര കൊറിയയെ അമേരിക്ക ആക്രമിച്ചാലും റഷ്യക്ക് ഇനി ആണവായുധം പ്രയോഗിക്കാന്‍ കഴിയും. അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെയും നാറ്റോ സഖ്യകക്ഷികളെയും ഞെട്ടിക്കുന്ന പ്രഖ്യാപനമാണിപ്പോള്‍ റഷ്യ നടത്തിയിരിക്കുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധം 1000 ദിവസം പിന്നിടുമ്പോള്‍ ലക്ഷക്കണക്കന് സൈനികരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതില്‍ വന്‍ നാശനഷ്ടം നേരിടേണ്ടി വന്നിരിക്കുന്നത് യുെക്രയിനാണ്. ഈ പ്രതിസന്ധിക്ക് എല്ലാം ആക്കം കൂട്ടിയ അമേരിക്കയുടെയും അവരുടെ സൈനിക സഖ്യമായ നാറ്റോയുടെയും അത്യാധുനിക ആയുധങ്ങളുടെ കരുത്ത് റഷ്യ പൊടിച്ച് കളഞ്ഞതും ലോകം കണ്ട വേറിട്ട കാഴ്ചയാണ്. ഇതില്‍ അത്യാധുനിക ടാങ്കാളും എ35 യുദ്ധവിമാനവും ഉള്‍പ്പെടും.

Also Read:ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ലോകത്തെ നടുക്കിയ ദിനമായിരുന്നു 2022 ഫെബ്രുവരി 24, യുക്രെയിന് എതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. പെട്ടെന്നൊരു ദിവസം ഉരുത്തിരിഞ്ഞ സംഭവ വികാസങ്ങളായിരുന്നില്ല അന്നവിടെ സംഭവിച്ചത്. വര്‍ഷങ്ങളായി യുക്രെയിന്‍ കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന ഇടപെടലുകളാണ് റഷ്യയെ ചൊടിപ്പിച്ചത്. ഇത് പിന്നീട് യുക്രെയിന് എതിരെയുള്ള സൈനിക നടപടിയിലേക്ക് റഷ്യയെ നിര്‍ബന്ധിതമാക്കുകയാണ് ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളെ തെരഞ്ഞ് പിടിച്ച് നാറ്റോയില്‍ അംഗമാക്കുന്ന അമേരിക്ക റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന യുക്രെയിനെയും നാറ്റോയില്‍ ചേര്‍ക്കാന്‍ നീക്കം നടത്തിയതും ഈ നീക്കത്തില്‍ നിന്നും പിന്‍മാറില്ലെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ഉറച്ച് നില്‍ക്കുകയും ചെയ്തതോടെയാണ് യുദ്ധം അനിവാര്യമായിരുന്നത്.

അമേരിക്കയുടെ ‘തിരക്കഥ’ പ്രകാരം നാറ്റോയില്‍ ചേരാന്‍ അനുവദിക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി 2021 ജനുവരിയിലാണ് അമേരിക്കയോട് അഭ്യര്‍ത്ഥിച്ചത്. ‘റഷ്യയുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെത്തുടര്‍ന്നാണ് പാശ്ചാത്യ സൈനിക ശക്തിയായ നാറ്റോയില്‍ ചേരാന്‍ യുക്രെയിന്‍ താല്‍പര്യപ്പെട്ടത് എന്നതാണ് അവരുടെ വാദമെങ്കിലും നാറ്റോയില്‍ യുക്രെയിനെ ചേര്‍ത്ത് റഷ്യയ്ക്ക് എതിരെ പുതിയ ഒരു പോര്‍മുഖം തുറക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യ രാജ്യളുടെ മിസൈലുകള്‍ ഉള്‍പ്പെടെ സുരക്ഷയുടെ കാര്യം പറഞ്ഞ് യുക്രെയിനില്‍ വിന്യസിക്കുകയായിരുന്നു ലക്ഷ്യം. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചിരുന്നത്.

Volodymyr Zelensky

റഷ്യ എന്നല്ല, ഏതൊരു രാജ്യത്തിനും, ആ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. അതിനു വേണ്ടി എന്ത് നിലപാടുകള്‍ സ്വീകരിച്ചാലും, അത് ന്യായീകരിക്കപ്പെടുകയും ചെയ്യും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. യുക്രെയിന്റെ നിലപാട് മാറ്റിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ‘ പ്രത്യേക സൈനിക നടപടി’ പ്രഖ്യാപിച്ചിരുന്നത്. സൈനിക നടപടി തുടര്‍ന്ന് ആയിരം ദിവസം പൂര്‍ത്തിയായിട്ടും ഇതുവരെ റഷ്യ യുക്രെയിന് എതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെയാണ് റഷ്യയുടെ മാരക ശേഷിയുള്ള ഒറ്റ മിസൈലില്‍ തീര്‍ക്കാമായിരുന്ന യുദ്ധം ഇത്രയും നീണ്ടിരിക്കുന്നത്.

യുക്രെയിന്‍ ജനത പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായതിനാല്‍ ഒരേ ജനതയാണെന്ന തിരിച്ചറിവും പോര്‍മുഖത്ത് ഈ മാന്യത കാട്ടാന്‍ റഷ്യയെ പ്രേരിപ്പിച്ച ഘടകമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ മരണം ഇവിടെ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അധിക്രമം കാട്ടിയ റഷ്യന്‍ സൈനികരെ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചതും റഷ്യ തന്നെയാണ്. മറ്റൊരു രാജ്യവും കാണിക്കാത്ത നടപടിയാണിത്. ഈ ഘട്ടത്തില്‍ അതും പറയാതെ വയ്യ.

Also Read:ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു


റഷ്യയുടെ യുക്രെയിന് മേലുള്ള സൈനിക നടപടി അധിനിവേശമായി ചിത്രീകരിക്കപ്പെട്ടതോടെ അന്താരാഷ്ട്രതലത്തില്‍ അത് വ്യാപകമായാണ് അപലപിക്കപ്പെട്ടത്. തുടര്‍ന്ന് അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും യുക്രെയിനിലേക്ക് മാനുഷികവും സൈനികവുമായ സഹായങ്ങള്‍ അയക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

മാര്‍ച്ച് 2ന് 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 141 അംഗങ്ങള്‍ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുകയുണ്ടായി. അടിയന്തര യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍ റഷ്യ ഉടന്‍ യുക്രെയിനില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. യുദ്ധം തുടങ്ങി 1000 ദിവസമായിട്ടും ഇതുവരെ അത് പരിഹരിക്കുന്നതിനായി നയതന്ത്ര പരിഹാരം കണ്ടെത്തുന്നതില്‍ അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം വലിയ പരാജയമായാണ് മാറിയിരിക്കുന്നത്. അമേരിക്ക യുക്രെയിനിനെ കൈയയച്ച് സഹായിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഏഷ്യയിലെ പ്രബല ശക്തിയായ റഷ്യയ്ക്കെതിരെ പോരാടാന്‍ അത്യാധുനിക യുദ്ധോപകരണങ്ങളും മിസൈലുകളും നല്‍കി അമേരിക്കയും സഖ്യകക്ഷികളും യുക്രെയിനെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

Donald Trump

2022 ഫെബ്രുവരിയില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതു മുതല്‍, അമേരിക്ക യുക്രെയ്നിന് 182.99 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായി പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൊത്തം തുകയില്‍ ഏകദേശം 131.36 ബില്യണ്‍ ഡോളര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 46.51 ബില്യണ്‍ ഡോളറും, യൂറോപ്പില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവച്ചിട്ടുള്ളതാണ്. യുക്രെയ്‌നിന് നല്‍കിയ ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് 45.78 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, യുക്രെയിനിലെ ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഭരണ പരിപാടികള്‍ക്കായി 43.84 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇങ്ങനെ അമേരിക്ക യുക്രെയിനെ സഹായിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുള്ള ഡൊണാള്‍ഡ് ട്രംപാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്. താന്‍ അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനാല്‍ അധികാര കൈമാറ്റത്തിന് മുന്‍പ് സംഘര്‍ഷം രൂക്ഷമാക്കി വന്‍ യുദ്ധം വിളിച്ചു വരുത്താനാണ് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യയ്ക്കുള്ളില്‍ ആഴത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ നല്‍കിയത്.

Also Read:ഓഫ് ക്യാംപസ് ജോലിയുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്ന് കാനഡ

പതിനായിരത്തിലധികം ഉത്തര കൊറിയന്‍ സൈനികര്‍ യുക്രെയിന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. യുക്രെയിന്‍ സൈന്യത്തിന് നല്‍കിയ പുതിയ അനുമതി അമേരിക്കയുടെ നിലവിലെ നയത്തില്‍ നിന്നുള്ള പ്രകടമായ മാറ്റമാണ്. അതുകൊണ്ടു തന്നെയാണ് റഷ്യയും കടുത്ത നിലപാടിലേക്ക് ഇപ്പോള്‍ കടന്നിരിക്കുന്നത്. റഷ്യന്‍ മണ്ണില്‍ അമേരിക്കയുടെ മിസൈല്‍ വീണാല്‍ അമേരിക്കയെയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Express View

വീഡിയോ കാണാം

Top