CMDRF

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; അധ്യാപക തസ്തികകളെയും ബാധിച്ചു

സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 12.23 ലക്ഷം കുട്ടികളുണ്ടായിരുന്നു

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; അധ്യാപക തസ്തികകളെയും ബാധിച്ചു
പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; അധ്യാപക തസ്തികകളെയും ബാധിച്ചു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് രൂക്ഷമായി ബാധിച്ചിരിക്കുന്നത് അധ്യാപക തസ്തികകളെയാണ്. നാലായിരത്തിലേറെ അധ്യാപക തസ്തികകളാണ് ഈ അധ്യയനവര്‍ഷം ഇല്ലാതാവുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
തസ്തിക നിര്‍ണയ റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് ഈ വര്‍ഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 3400 ഡിവിഷനുകള്‍ ഇല്ലാതാവും. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍മാത്രം 715 തസ്തികകള്‍ നഷ്ടപ്പെടും. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷന്‍ നിര്‍ണയം പുരോഗമിക്കുകയാണ്.

Also Read: അറിയാം സർവകലാശാല വാർത്തകൾ

അതിനാല്‍ അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകള്‍ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 7163 പേരുടെ കുറവാണുണ്ടായത്. 2023-24-ല്‍ 2,58,149 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നിരുന്നു. ഈ വര്‍ഷം ഇത് 2,50,986 പേരായി കുറഞ്ഞു.

രണ്ടുമുതലുള്ള ക്ലാസുകളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കാമെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിര്‍ത്തേണ്ടിവരുമെന്നതാണ് സ്ഥിതി.

Also Read: പ്രമുഖ സംരംഭം നോ​ൺ-​എ​ക്സി​ക്യൂ​ട്ടി​വു​ക​ളെ തേ​ടു​ന്നു

സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 12.23 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഈ വര്‍ഷമുള്ളത് 11.60 ലക്ഷമാണ്. എയ്ഡഡ് സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം 21.81 ലക്ഷമായിരുന്നത് ഈ വര്‍ഷം 21.27 ലക്ഷവുമായി. എയ്ഡഡിനെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ ആനുപാതികമായി അധ്യാപക തസ്തികകളില്‍ വലിയ നഷ്ടമുണ്ടാവും. ഇതു സര്‍ക്കാരിനു ബാധ്യതയും കൂട്ടും.

Top