ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20 കോടി ഗ്രോസ് കളക്ഷനുമായി ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’. ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമ്പോൾ ബേസിൽ ജോസഫ് എന്ന അഭിനേതാവിന്റെ കരിയറിലേക്ക് മറ്റൊരു ഹിറ്റ് കൂടി എഴുതപ്പെടുകയാണ്. ഒരു മിനിമം ഗ്യാരന്റി സ്റ്റാർ ആയി മാറിയിരിക്കുകയാണ് ഇന്ന് ബേസിൽ ജോസഫ്.
സാധാരണക്കാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുമായി തമാശയുടെ മേമ്പൊടിയുള്ള ഫാമിലി എന്റർടൈനർ സിനിമകളാണ് ബേസിലിന്റേതായി പുറത്തിറങ്ങുന്നവയിൽ ഭൂരിഭാഗവും. ‘ജയ ജയ ജയ ജയ ഹേ’, ‘പൂക്കാലം’, ‘ഫാലിമി’, ‘വർഷങ്ങൾക്ക് ശേഷം’, ‘ഗുരുവായൂരമ്പല നടയിൽ’ തുടങ്ങിയവ ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങളാണ്. ഇതിൽ ‘ഗുരുവായൂരമ്പല നടയിൽ’ 100 കോടി ക്ലബ്ബിലെത്തിയ ചിത്രമായിരുന്നു.ബേസിലിന്റെ തിരക്കഥാ തെരഞ്ഞെടുപ്പുകളിൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ ഒരു സംവിധായകന്റെ ബുദ്ധി കൂടി പ്രവർത്തിക്കുന്നുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. തിയേറ്ററിൽ എന്തായിരിക്കും പ്രതികരണം എന്ന് കൃത്യമായി കണക്കുകൂട്ടാൻ ബേസിലിന് കഴിയുമെന്ന് വരെ സിനിമാപ്രേമികൾക്കിടയിൽ അഭിപ്രായമുണ്ട്.
കഠിന കഠോരമീ അണ്ഡകടാഹവും അതിലെ ബച്ചു എന്ന കഥാപാത്രവുമാണ് ഈ ഴോണറിൽ നിന്നും വ്യത്യസ്തമായിരുന്നത്. ഇമോഷണൽ ഡ്രാമയായ ചിത്രവും പക്ഷെ കുടുംബബന്ധങ്ങളും സാധാരണക്കാർ നേരിടുന്ന ജീവിത പ്രതിസന്ധികളും തന്നെയായിരുന്നു വിഷയമാക്കിയത്. ചിരിപ്പിക്കാൻ മാത്രമല്ല, നെഞ്ചിൽ കൊളുത്തിവലിക്കുന്ന പ്രകടനം നടത്താനും തനിക്കറിയാം എന്ന ബേസിൽ തെളിയിച്ച ചിത്രം കൂടിയായിരുന്നു കഠിന കഠോരമീ അണ്ഡകടാഹം. തിയേറ്റർക്കണക്കിൽ മുൻപന്തിയിലില്ലെങ്കിലും നിരൂപകശ്രദ്ധയും മികച്ച അഭിപ്രായവും ഈ ചിത്രവും സ്വന്തമാക്കിയിരുന്നു.ആഗസ്റ്റ് 15 നാണ് ‘നുണക്കുഴി’ തിയേറ്ററുകളിൽ എത്തിയത്. 1.65 കോടിയാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്‍. എബി സക്കറിയ പൂഴിക്കുന്നേൽ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്. തന്റെ പേർസണൽ വീഡിയോ അടങ്ങിയ ലാപ്ടോപ്പ് ഇൻകം ടാക്സ് ഓഫീസറുടെ കയ്യിൽ നിന്ന് നഷ്ടപ്പെടുന്നതും അത് തേടിയുള്ള എബിയുടെ യാത്രയും മണ്ടത്തരങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ജിസിസി മാർക്കറ്റിലും ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട്. 5.79 കോടിയാണ് ചിത്രം ഇതുവരെ ജിസിസിയിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്. ‘ട്വൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷ്ണകുമാർ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമാണ് നുണക്കുഴി.
പൂർണമായും ഒരു കോമഡി പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മികച്ച പ്രകടനമാണ് സിദ്ദിഖ്, ബൈജു, മനോജ് കെ ജയൻ എന്നിവർ കാഴ്ചവച്ചിരിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.