കൊൽക്കത്ത: യുവഡോക്ടർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരും പൊലീസും ആരോപണം നേരിടുന്ന ബംഗാളിൽ ആശുപത്രിയിൽവച്ച് വീണ്ടും ആരോഗ്യ പ്രവർത്തകയ്ക്കുനേരെ ലൈംഗികാതിക്രമം. ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ രോഗി ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു.
അത്യാഹിത വിഭാഗത്തിൽ രോഗിയെ ചികിത്സിച്ചപ്പോഴായിരുന്നു സംഭവം. കുടുംബത്തിനൊപ്പമാണ് രോഗി ആശുപത്രിയിൽ എത്തിയതെന്നും സലൈൻ കൊടുക്കാൻ തുടങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നെന്നും നഴ്സ് അറിയിച്ചു.
Also Read: യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം; രോഗികൾക്ക് തെരുവിൽ ചികിത്സ നൽകി പ്രതിഷേധം
അസഭ്യം പറയുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ കൊൽക്കത്തയിലെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കി. രോഗികൾക്ക് തെരുവിൽ ചികിത്സ നൽകുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും.
കൊൽക്കത്തയിലെ ആറ് കേന്ദ്രങ്ങളിലാണ് അഭയ ക്ലിനിക്ക് എന്ന പേരിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുഴുവൻ ജൂനിയർ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. നാളെ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ റാലിക്കും ഡോക്ടർമാർ ആഹ്വാനം ചെയ്തു.