നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താൽക്കാലികമായി അടച്ചു.

നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 19 വയസ്സുകാരിയായ നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. പെണ്‍കുട്ടിയെ ആക്രമിച്ചെന്ന് സംശയിക്കുന്ന മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താൽക്കാലികമായി അടച്ചു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ബോധം തിരിച്ചുകിട്ടിയപ്പോൾ ചമ്പക് മൈദാന് സമീപത്തെ വിജനമായ പ്രദേശത്തായിരുന്നു താനെന്നും വിദ്യാർത്ഥിനി പറഞ്ഞു.

Also Read: ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങി സിദ്ദിഖ്

തുടർന്ന് സഹോദരിയെ വിളിച്ച് വിദ്യാർത്ഥിനി വിവരം പറഞ്ഞു. റോഡിലെത്തി ഒരു വാഹനം വിളിച്ച് ജില്ലാ ആശുപത്രിയിലെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശോധനയില്‍ ശാരീരിക പിഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. പെൺകുട്ടി ആരോ​​ഗ്യം വീണ്ടെടുത്തതിന് തുടർന്നാണ് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ആശുപത്രി പരിസരത്ത് സ്ഥിരമായി കാണുന്ന ആളല്ലെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

അതേസമയം പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേട് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി എന്നാണ് ആദ്യം പറഞ്ഞതെന്നും എന്തോ സ്പ്രേ ചെയ്ത് ബോധം കെടുത്തി എന്നാണ് പിന്നീട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

Top