നഴ്‌സിങ് വിദ്യാർഥിയുടെ മരണം; സഹപാഠികൾക്കിടയിൽ നടന്ന പ്രശ്‌നങ്ങൾ തന്നെയെന്ന് നിഗമനം

പ്രതികൾക്കെതിരേ അമ്മുവിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിന് അയച്ച പരാതിയും, കോളേജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു

നഴ്‌സിങ് വിദ്യാർഥിയുടെ മരണം; സഹപാഠികൾക്കിടയിൽ നടന്ന പ്രശ്‌നങ്ങൾ തന്നെയെന്ന് നിഗമനം
നഴ്‌സിങ് വിദ്യാർഥിയുടെ മരണം; സഹപാഠികൾക്കിടയിൽ നടന്ന പ്രശ്‌നങ്ങൾ തന്നെയെന്ന് നിഗമനം

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി അമ്മു എ.സജീവിന്റെ മരണത്തിലേക്ക് നയിച്ചത് സഹപാഠികൾക്കിടയിൽ നടന്ന പ്രശ്‌നങ്ങൾ തന്നെയാണെന്ന നിഗമനത്തിൽ പോലീസ്. നവംബർ 15-ന് രാത്രിയാണ് അമ്മുവിന്റെ മരണം. അതിനും ഒരാഴ്ചമുമ്പ് തന്നെ, സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് സജീവ്, ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു.

അതിൽ, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള അമ്മുവിന് സഹപാഠികളായ മൂന്നു വിദ്യാർഥികളിൽനിന്നേറ്റ മാനസിക പീഡനം വിവരിക്കുന്നുണ്ട്. ആരോപണവിധേയരായ വിദ്യാർഥികളോട് വിശദീകരണം തേടുകയും മെമ്മോ നൽകുകയും ചെയ്തിരുന്നു. രോഗികളുടെ വിവരങ്ങൾ കുറിക്കുന്ന ലോഗ് ബുക്ക് കാണാതായതുമായി ബന്ധപ്പെട്ടാണ് വിദ്യാർഥിനികൾ തമ്മിൽ തർക്കം ആരംഭിക്കുന്നത്.

ഈ ബുക്ക് ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നു. സഹപാഠികളിലൊരാളുടെ ബുക്ക് അമ്മു എടുത്തെന്ന് ആരോപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും പോലീസ് കോടതിയിൽ വാദിച്ചു. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതും പ്രശ്‌നങ്ങൾക്കിടയാക്കി. അമ്മുവിൻറെ മരണത്തെ തുടർന്ന് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്ക് എടുത്തു. അമ്മുവിന്റെ മുറിയിൽനിന്നും നോട്ട് ബുക്ക്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു.

Also Read: വനിതാ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവം; പ്രതിയായ ഭര്‍ത്താവിന്റെ മൊഴിയെടുത്തു

ബുക്കിൽ പോലീസ് പിടിയിലായ സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. ‘ഐ ക്വിറ്റ്’ എന്ന് ബുക്കിൽ അമ്മു കുറിച്ചതായും കണ്ടെത്തി. പ്രതികൾക്കെതിരേ അമ്മുവിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിന് അയച്ച പരാതിയും, കോളേജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു.

ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവർ നൽകിയ മറുപടികളും, കോളേജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസികപീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്. സഹപാഠികളുടെ മാനസികപീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൂവരെയും പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യക്കുള്ള കാരണമാകുംവിധം മാനസികപീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ ഷിബുകുമാർ, എസ്.ഐ.മാരായ ജിനു, ഷെമിമോൾ, ഷിബു, എ.എസ്.ഐ.മാരായ രാജീവ്, രമേശൻ പിള്ള, ഹാഷിം അഷർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Top