പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ് വന്നതോടെ തിരുവല്ലയില്‍ സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി ശ്രമിച്ചു എന്ന ഒരു വിഭാഗത്തിന്റെ പരാതിയേത്തുടര്‍ന്നായിരുന്നു നടപടി.
കഴിഞ്ഞ മൂന്ന് ടേമുകളിലായി സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തുടര്‍ന്ന് വരുന്ന നേതാവാണ് ഫ്രാന്‍സിസ് വി ആന്റണി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗത്തിന് അനുകൂലമായി നിലപാടെടുത്തു എന്നായിരുന്നു ഫ്രാന്‍സിസ് വി ആന്റണിക്കെതിരെ ഉയര്‍ന്ന പരാതി. വനിതാ പാര്‍ട്ടി അംഗം ഫ്രാന്‍സിസ് വി ആന്റണിയെ ഫോണില്‍ വിളിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കും എന്ന് സംസാരിച്ചിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫ്രാന്‍സിസ് വി ആന്റണി ഫോണില്‍ മറുപടി നല്‍കിയില്ല. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി. തുടര്‍ന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഫ്രാന്‍സിസ് വി ആന്റണിയെ എരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഫ്രാന്‍സിസ് വി ആന്റണിയെ മാറ്റി. എരിയാ കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് വി ആന്റണി തുടരും. തിരുവല്ലയില്‍ പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സമ്മേളനം വിലയിരുത്തിയിരുന്നു.
അതേ സമയം ഫ്രാന്‍സിസ് വി ആന്റണിയെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഏതാനും സെക്കന്റുകള്‍ നീണ്ട് നിന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഫ്രാന്‍സിസ് വി ആന്റണിക്കെതിരെ നടപടി എടുത്തതിലാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന് പാര്‍ട്ടി അംഗം ഫോണില്‍ സംസാരിച്ചപ്പോള്‍ എരിയാ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ ഫ്രാന്‍സിസ് വി ആന്റണി എന്ത് കൊണ്ട് താക്കീത് നല്‍കിയില്ല എന്നാണ് എതിര്‍ വിഭാഗം ചോദിക്കുന്നത്.