കൊച്ചി : സിനിമ താരങ്ങൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിക്ക് പൊലീസ് താക്കീത്. പാലാരിവട്ടം പൊലീസാണ് താക്കീത് ചെയ്ത് വിട്ടയച്ചത്. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഇത്തരം കാര്യങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീർത്ത് പൊലീസ് വിട്ടയക്കുകയായിരുന്നു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് ഇയാൾക്ക് മുന്നറിയിപ്പ് നൽകി.
ആറാട്ടണ്ണന് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ വിഡിയോസ് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ നല്കിയ അഭിമുഖത്തിൽ ഒരു നടിയെ സിനിമയിൽ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. തന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് ബാല പറഞ്ഞു പ്രതികരിച്ചു.