മനുഷ്യന് ശേഷം ലോകം ആര് ഭരിക്കുമെന്ന സംശയം പലർക്കുമുണ്ടല്ലെ, എന്നാൽ അതിന് ഒരു ഉത്തരവുമായെത്തിയിരിക്കുകയാണ് ജന്തുശാസ്ത്രജ്ഞനും ഓക്സ്ഫോഡ് സർവകലാശാല പ്രഫസറുമായ ടിം കോൾസൺ . മനുഷ്യന് ശേഷം നീരാളികൾ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ബുദ്ധിശക്തിയും വിഭവശേഷിയുമേറിയ ജീവിവർഗമാണ് കടൽജീവിയായ നീരാളിയെന്ന് പ്രഫസർ ടിം കോൾസൺ ചൂണ്ടിക്കാട്ടുന്നു. 20 അടി വരെ വളരുന്ന നീരാളികൾക്ക് 110 പൗണ്ട് വരെ ഭാരമുണ്ടാകാറുണ്ട്.
മനുഷ്യനൊപ്പം ഇന്ന് ശക്തരായ പലജീവികളും അപ്രത്യക്ഷമാകും. അത്തരം ഒരു സാഹചര്യത്തിൽ, പരിണാമം സംഭവിച്ച നീരാളികൾ ലോകം കീഴടക്കും. മറ്റ് ജല ജീവികളേക്കാൾ വിവേകമുള്ള ജീവികളാണ് നീരാളികൾ. അവക്ക് ഭൂമിയിലെ മേധാവിത്വമുള്ള ജീവിവർഗമായി പരിണമിച്ചുവരാനുള്ള എല്ലാ ഘടകങ്ങളുമുണ്ട്. വെള്ളത്തിനടിയിൽ നീരാളികൾ കോളനികൾ സൃഷ്ടിക്കുമെന്നും മനുഷ്യൻ സൃഷ്ടിച്ചതുപോലെയുള്ള നാഗരികതകൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
Also Read: മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?
ഇതിനുള്ള ശാരീരിക, മാനസിക ഗുണങ്ങൾ നീരാളിക്കുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് നീരാളികൾ പരിണമിച്ച് കരയിലേക്ക് കയറും. ഇപ്പോൾ 30 മിനുട്ടോളം കരയിൽ അതിജീവിക്കാനുള്ള ശേഷി നീരാളികൾക്കുണ്ട്. ഭാവിയിൽ കരയിൽ കൂടുതൽ നേരം നിലനിൽക്കാനുള്ള ശ്വസന ഉപകരണങ്ങൾ നീരാളികൾ വികസിപ്പിച്ചേക്കാം. കരയിൽ ഇരതേടാനും നീരാളികൾക്ക് ശേഷി കൈവരുമെന്നും അദ്ദേഹം പറയുന്നു.
500 ദശലക്ഷം വർഷം മുമ്പ് ഭൂമിയിൽ ഉത്ഭവിച്ച നീരാളികൾക്ക് ‘വൈജ്ഞാനിക കഴിവുകൾ’ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ നിന്നുള്ള വിവരങ്ങൾ മനസ്സിലാക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും തീരുമാനങ്ങൾ എടുക്കാനും അവക്ക് കഴിയും. മാത്രമല്ല, ശത്രുക്കളോടുള്ള പ്രതികാരം വീട്ടാൻ നീരാളികൾ കാത്തിരിക്കുമെന്നും അതിനായി ശത്രുക്കളുടെ നിറം, ആകൃതി, ഘടന അല്ലെങ്കിൽ രുചി പോലുള്ള സവിശേഷതകൾ മനസിലാക്കി മാസങ്ങളോളം അത് ഓർത്ത് വെക്കാനും നീരാളികൾക്ക് ശേഷിയുണ്ട്.