കർഷകർക്ക് സൗജന്യ കാലാവസ്ഥാ ഉപദേശം നൽകുന്ന ഓഫിസുകൾ അടച്ചുപൂട്ടി: ജയറാം രമേശ്

കർഷകർക്ക് സൗജന്യ കാലാവസ്ഥാ ഉപദേശം നൽകുന്ന ഓഫിസുകൾ അടച്ചുപൂട്ടി: ജയറാം രമേശ്
കർഷകർക്ക് സൗജന്യ കാലാവസ്ഥാ ഉപദേശം നൽകുന്ന ഓഫിസുകൾ അടച്ചുപൂട്ടി: ജയറാം രമേശ്

ന്യൂഡൽഹി: കർഷകർക്ക് സൗജന്യ കാലാവസ്ഥാ ഉപദേശമടക്കമുള്ള സേവനങ്ങൾ നൽകിയിരുന്ന കാർഷിക-കാലാവസ്ഥാ യൂനിറ്റുകൾ അടച്ചുപൂട്ടിയതായി കോൺഗ്രസ് അറിയിച്ചു. മാർച്ചിൽ 199 ജില്ല കാർഷിക കാലാവസ്ഥ ഉപദേശക ഓഫിസുകൾ അടച്ചുപൂട്ടിയെന്നും അവയുടെ സ്വകാര്യവൽക്കരണത്തിന് ശ്രമിച്ചുവെന്നും, ഇതിൽ ന്യായീകരണം ചമക്കാൻ നിതി ആയോഗ് തങ്ങൾക്കുള്ള പങ്കിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോൺഗ്രസി​ന്‍റെ ആശയവിനിമയ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമമായ ‘എക്സി’ലൂടെ മാധ്യമ റിപ്പോർട്ടുകൾ സഹിതം പുറത്തുവിട്ടു.

‘ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്‍റ് 199 ജില്ല കാർഷിക-കാലാവസ്ഥാ യൂനിറ്റുകൾ അടച്ചുപൂട്ടി. എല്ലാ കർഷകർക്കും ബ്ലോക്ക് തലത്തിൽ സൗജന്യ കാലാവസ്ഥാ ഉപദേശക സേവനങ്ങളും വിതക്കൽ, രാസവളങ്ങളുടെ ഉപയോഗം, വിളവെടുപ്പ്, വിള സംഭരണം എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും നൽകുന്നതായിരുന്നു ഈ അഗ്രോമെറ്റ് യൂണിറ്റുകൾ.

ഈ യൂനിറ്റുകളുടെ ബജറ്റ് വിഹിതം പ്രതിവർഷം 45 കോടി രൂപ മാത്രമായിരിക്കുമ്പോൾ തന്നെ 15,000 കോടി രൂപയോളം നേട്ടം ഇതിൽനിന്ന് ലഭിച്ചിരുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

അതേസമയം, അടച്ചുപൂട്ടലിനെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഗുജറാത്ത് ആസ്ഥാനമായുള്ള അസോസിയേഷൻ ഓഫ് അഗ്രോ മെറ്റീരിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി പ്രധാന പങ്കാളികളും എതിർത്തതായും അദ്ദേഹം പറഞ്ഞു.

ജില്ല അഗ്രോമെറ്റ് സേവനങ്ങൾ സ്വകാര്യവത്കരിക്കാനും അതുവഴി ധനസമ്പാദനം നടത്താനും നിർദേശിച്ചത് നിതി ആയോഗാണെന്ന് വിവരാവകാശ രേഖകളിലൂടെ വെളിപ്പെട്ടതായും ജയറാം രമേശ് പറഞ്ഞു

Top