തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. അപടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ കളക്ടർമാർ മുൻകൈ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ടെണ്ടർ നടപടി കാത്തുനിൽക്കേണ്ടതില്ല. നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.