കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആനന്ദേശ്വർ ശിവ ക്ഷേത്രത്തിന് മുന്നിൽ കാറിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.
പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്ര പരിസരത്ത് പിന്നിലേക്കെടുത്ത കാർ, അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു എന്നാണ് ആളുകൾ പറയുന്നത്. അപകടം സംഭവിച്ചെന്ന് മനസിലായ ഉടനെ ഡ്രൈവർ വാഹനവുമെടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വാഹനം ഏതെന്ന് കണ്ടെത്താനും ഇത് ഓടിച്ചിരുന്നയാളെ തിരിച്ചറിയാനും ക്ഷേത്ര സമുച്ചയത്തിലെയും പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനം എത്രയും വേഗം കണ്ടെത്തി ഡ്രൈവറെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡീഷണർ ഡെപ്യൂട്ടി കമ്മീഷണർ മഹേഷ് കുമാർ പറഞ്ഞു.
85ഉം 86ഉം വയസ് പ്രായമുള്ളവരാണ് മരിച്ച ദമ്പതികൾ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. ക്ഷേത്രത്തിന് സമീപത്തേക്ക് സാധാരണ നിലയിൽ വാഹനങ്ങൾ കടത്തിവിടാറില്ലെങ്കിലും ചിലർ നിർബന്ധപൂർവം വാഹനങ്ങൾ കൊണ്ടുപോകാറുണ്ടെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തിൽ ഒരു കാർ അകത്തേക്ക് പ്രവേശിച്ചിരുന്നു. ഈ വാഹനമാകാം പുലർച്ചെ അപകടമുണ്ടാക്കിയതെന്നാണ് സൂചന.