CMDRF

വയസ്സൻ പട: കളിയാക്കിയവർക്കുള്ള മറുപടിയായി കിരീടം നേടി; രോഹിത് ശർമ്മ

വയസ്സൻ പട: കളിയാക്കിയവർക്കുള്ള മറുപടിയായി കിരീടം നേടി; രോഹിത് ശർമ്മ
വയസ്സൻ പട: കളിയാക്കിയവർക്കുള്ള മറുപടിയായി കിരീടം നേടി; രോഹിത് ശർമ്മ

മാസങ്ങൾക്ക് മുൻപ് ഏകദിന ലോകകപ്പിന്റെ ഫൈനൽ വേദിയിൽനിന്നു രോഹിത് ശർമ കരഞ്ഞുകലങ്ങിയ കണ്ണുകളും ഇടറിയ വാക്കുകളുമായി മടങ്ങിയിരുന്നു. 36-ാം വയസ്സിൽ കയ്യിൽ നിന്നു വഴുതിപ്പോയ ആ ലോകകപ്പ് കിരീടം, രോഹിത്തിന്റെ കരിയറിനും അപൂർണ വിരാമമിടുമെന്നു കരുതിയവരും ഏറെയായിരുന്നു. എന്നാൽ മിന്നൽ പോലെ പന്തുകളെ പുൾഷോട്ടിലൂടെ ഗാലറിയിലെത്തിക്കുന്ന ലാഘവത്തോടെ രോഹിത് മുൻവിധികളെ മാറ്റി എഴുതി.

പ്രായത്തിന്റെ വെല്ലുവിളികളെ മറികടന്ന് ഇന്ത്യയുടെ അമരത്ത് നിലയുറപ്പിച്ചു. ബാർബഡോസിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം കിരീടമുറപ്പിച്ചശേഷം ഗ്രൗണ്ടിൽ മുഖമമർത്തി കരയുന്ന രോഹിത്തിൻ്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി. 2007ൽ കന്നി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ പ്രായംകുറഞ്ഞ അംഗം, ക്യാപ്റ്റനായി ഇന്ത്യയ്ക്ക് രണ്ടാം ട്വൻ്റി 20 ലോകകപ്പ് സമ്മാനിച്ചത് കാലത്തിന്റെ നിയോഗമാകാം.

ഉജ്വല വിജയങ്ങളിലൂടെ 2023 ഏകദിന ലോകകപ്പിൻ്റെ ഫൈനൽവരെ ഇന്ത്യയെ നയിച്ചെങ്കിലും രോഹിത്തിൻ്റെ ക്യാപ്റ്റൻസി മികവ് ഏറെ ആഘോഷിക്കപ്പെട്ടില്ല അതിനു കാരണം കപ്പിനരികെയുള്ള ഇന്ത്യയുടെ വലിയ വീഴ്ചയായിരുന്നു. ഐസിസി കിരീടത്തിനായുള്ള രാജ്യത്തിന്റെ 11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരുടെ പട്ടികയിലേക്കാണ് രോഹിത് നടന്നുകയറുന്നത്.

2023 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം 3 ഐസിസി ഫൈനലുകളും ഒരു കിരീടവുമാണ് ഹിറ്റ്‌മാൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതുവരെ കൈവരിച്ച വലിയ നേട്ടങ്ങൾ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയ ശതമാനമുള്ള ക്യാപ്റ്റനെന്ന നേട്ടം ഈ ലോകകപ്പിനിടെ രോഹിത്തിനു സ്വന്തമായിരുന്നു.

ഇത്തവണ ടീം തിരഞ്ഞെടുപ്പ് മുതൽ ജസ്പ്രീത് ബുമയെ ഇന്നലെ 18-ാം ഓവറിൽ പന്തേൽപ്പിച്ചതുവരെ ലോകകപ്പിൽ ഇന്ത്യയുടെ വിജയങ്ങളിൽ ‘രോഹിത് ബ്രില്യൻസ്’ പ്രകടമായിരുന്നു. ഐപിഎലിന്റെ തിരക്കിനിടയിൽ ചീഫ് സിലക്ടർ അജിത് അഗാർക്കറുമായി 2 തവണ ചർച്ച നടത്തിയതു മുതൽ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ക്യാപ്റ്റൻ ആരംഭിച്ചതാണ്.

30 വയസ്സു തികഞ്ഞ 10 പേരുൾപ്പെട്ട ഇന്ത്യൻ ലോകകപ്പ് സംഘത്തെ വയസ്സൻമാരുടെ പടയെന്നു കളിയാക്കിയവർക്ക് രോഹിത് മറുപടി നൽകിയത് മത്സര വേദിയിൽനിന്നാണ്. ഇന്ത്യ 2 സ്പെഷലിസ്റ്റ് സ്‌പിന്നർമാരെ പുറത്തിരുത്തി അക്ഷർ പട്ടേലിനു അവസരം നൽകിയ തീരുമാനം ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ ഈ വിജയത്തിന് മധുരം ഏറെയാണ്.

Top