തലസ്ഥാനത്തെ മൃഗശാലയില്‍ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണകാരണം ന്യുമോണിയ

തലസ്ഥാനത്തെ മൃഗശാലയില്‍ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണകാരണം ന്യുമോണിയ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ ഏറ്റവും പ്രായമുള്ള കടുവ ചത്തു. 17 വയസ്സുള്ള മനു എന്ന ബംഗാള്‍ കടുവയാണ് തിങ്കളാഴ്ച രാവിലെ ചത്തത്. 2023 ഡിസംബര്‍ മുതല്‍ കരള്‍രോഗ ബാധിതനായതിനെ തുടര്‍ന്ന പ്രത്യേക ചികിത്സയിലായിരുന്നു. മൃഗശാലയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന കടുവയാണ് മനു. ഇവിടത്തെ കരിഷ്മ എന്ന കടുവയ്ക്ക് 2007 ജനുവരി 13-നാണ് ഈ എന്ന ആണ്‍കടുവ ജനിച്ചത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വയസ്സാണെങ്കിലും മൃഗശാലകളില്‍ 17-19 വയസ്സ് വരെ കടുവകള്‍ ജീവിക്കാറുണ്ട്.

രോഗാവസ്ഥയിലാകുന്നതിനുമുമ്പ് ഈ കടുവ ദിവസം ഏഴ് കിലോ ഇറച്ചി കഴിച്ചിരുന്നു. എന്നാല്‍, പിന്നീട് എല്ലില്‍നിന്ന് ഇറച്ചി സ്വയം കടിച്ചെടുക്കാന്‍ കഴിയാതെയായി. പിന്നീട്, ആടിന്റെ എല്ലില്ലാത്ത ഇറച്ചിയും സൂപ്പും പാലുമൊക്കെയായിരുന്ന ഭക്ഷണമായി നല്‍കിയിരുന്നത്.

പ്രായാധിക്യം കാരണം അവശതയിലായതോടെ മേയ് 18 മുതല്‍ കടുവയെ പ്രദര്‍ശനത്തില്‍നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. പിന്നീട് ചവണ ഉപയോഗിച്ച് ഭക്ഷണം വായില്‍വെച്ച് നല്‍കുകയായിരുന്നു. കൂട്ടില്‍ ഇന്‍ഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിച്ചിരുന്നു. പ്രായാധിക്യത്താല്‍ കരളും ശ്വാസകോശങ്ങളും അപകടാവസ്ഥയിലായിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ ന്യുമോണിയ ആണ് മരണകാരണമെന്ന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ചത്ത കടുവയുടെ മൃതദേഹം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വൈകീട്ട് മൂന്നിന് ദഹിപ്പിച്ചു.

Top