CMDRF

ഒളിമ്പിക്സ് ; എട്ടിനങ്ങളില്‍ ഇന്ന് ഇന്ത്യന്‍ അരങ്ങേറ്റം

ഒളിമ്പിക്സ് ; എട്ടിനങ്ങളില്‍ ഇന്ന് ഇന്ത്യന്‍ അരങ്ങേറ്റം
ഒളിമ്പിക്സ് ; എട്ടിനങ്ങളില്‍ ഇന്ന് ഇന്ത്യന്‍ അരങ്ങേറ്റം

പാരിസ്: ബാഡ്മിന്റണ്‍, ഹോക്കി, ടെന്നീസ്, ബോക്സിങ്, ഷൂട്ടിങ് തുടങ്ങി എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് ഇനത്തില്‍ ഇന്ന് ഫൈനല്‍ നടക്കുന്നുണ്ട്. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ മത്സരിക്കുന്നുണ്ട്. ഇതിന് പുറമേ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷവിഭാഗത്തില്‍ സരബ്ജ്യോത് സിങ്, അര്‍ജുന്‍ ചീമ എന്നിവരും വനിതാവിഭാഗത്തില്‍ മനു ഭേക്കര്‍, റിഥം സാങ്വാന്‍ എന്നിവരും യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്ന വിഭാഗമാണിത്. 21 ഷൂട്ടര്‍മാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിംപിക്‌സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ചരിത്രത്തില്‍ സ്വര്‍ണമടക്കം ഷൂട്ടിങില്‍ നാല് മെഡലുകള്‍ നേടിയ ഇന്ത്യയ്ക്ക് പക്ഷെ കഴിഞ്ഞ തവണത്തെ ടോക്യോ ഒളിംപിക്‌സില്‍ കാര്യമായ പ്രകടനം നടത്താനായിരുന്നില്ല.

ബാഡ്മിന്റണില്‍ പി വി സിന്ധു, എച്ച് എസ് പ്രണോയ്, ലക്ഷ്യസെന്‍ എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ് സഖ്യം പുരുഷ ഡബിള്‍സിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിള്‍സിലും മത്സരിക്കും. ഇന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ലക്ഷ്യസെന്നും, സാത്വിക്-ചിരാഗ്, തനിഷ-അശ്വനി സഖ്യങ്ങളും ഇറങ്ങുന്നുണ്ട്.

ബോക്സിങില്‍ മെഡല്‍ ലക്ഷ്യമിട്ട് ആറ് ബോക്സര്‍മാരാണ് ഇന്ത്യക്കായി പാരിസിലെത്തിയിട്ടുള്ളത്. ഇതില്‍ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ ആദ്യ ദിനത്തില്‍ ഇടിക്കൂട്ടിലെത്തും. അമിത് പംഗല്‍, നീഷാന്ത് ദേവ്, നിഖാത് സരിന്‍, ജാസ്മിന്‍ ലാംബോറിയ, ലൗലീന ബോര്‍ഹെയ്ന്‍ എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ മത്സരിക്കും. പുരുഷ ഡബിള്‍സില്‍ മുതിര്‍ന്ന താരം രോഹന്‍ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും ഇന്നിറങ്ങുന്നുണ്ട്. ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായി യും ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ബല്‍രാജ് പന്‍വര്‍ മത്സരിക്കും.

ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമും ആദ്യ മത്സരത്തിനായി ഇന്നിറങ്ങും. രാത്രി ഒന്‍പതു മണിക്കാണ് മത്സരം. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീമില്‍ മലയാളി താരം പി.ആര്‍. ശ്രീജേഷുണ്ട്. ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന തുടങ്ങിയവരടങ്ങിയ വമ്പന്മാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ.

Top